ന്യൂദല്‍ഹി: ശ്രീലങ്കന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച ഡി.എം.കെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. യു.പി.എയില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഡി.എം.കെ നേതാവ് കരുണാനിധി അറിയിക്കുകായിരുന്നു.
അഞ്ച് മന്ത്രിമാരാണ് ഡി.എം.കെക്ക് ഉള്ളത്. ശ്രീലങ്കന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്ലായ്മയില്‍ പ്രതിഷേധിച്ചാണ് ഡി.എം.കെയുടെ നടപടി. മൂന്ന് കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരുമാണ് ഡി.എം.കെയ്ക്ക് കേന്ദ്രത്തിലുള്ളത്.[]
ഡി.എം.കെ മന്ത്രിമാര്‍ ഇന്ന് തന്നെ രാജിക്കത്ത് നല്‍കും. യു.പി.എ.യിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഡി.എം.കെ പിന്തുണ പിന്‍വലിച്ചതോടെ യു.പി.എ സര്‍ക്കാര്‍ ന്യൂനപക്ഷമായി. 270 അംഗങ്ങളുടെ പിന്തുണ വേണ്ട സ്ഥാനത്ത് യു.പി.എയ്ക്ക് 232 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്.
18 എം.പിമാരാണ് ഡി.എം.കെയ്ക്കുള്ളത്. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കില്ലെന്നും കരുണാനിധി വ്യക്തമാക്കി. ശ്രീലങ്കന്‍ തമിഴരുടെ വികാരം ഇന്ത്യ മനസ്സിലാക്കുന്നില്ല. ശ്രീലങ്കന്‍ തമിഴര്‍ക്കായി ഇന്ത്യ കടുത്ത നിലപാടെടുക്കണമെന്നും കരുണാനിധി അറിയിച്ചു.
വിഷയത്തില്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും കരുണാനിധി അറിയിച്ചു. അതേസമയം, ഡി.എം.കെ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു.
ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അടക്കമുള്ള തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിച്ചില്ലെങ്കില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പിന്മാറാന്‍ ഡി.എം.കെ നേരത്തേ തീരുമാനിച്ചിരുന്നു. മന്ത്രിമാരെ പിന്‍വലിച്ച് സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയും പി. ചിദംബരവും ഗുലാംനബി ആസാദുമായി കരുണാനിധി ചര്‍ച്ച നടത്തിയിരുന്നു.
വിഷയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് കരുണാനിധി വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാറിനെ ഞെട്ടിപ്പിച്ച് കൊണ്ടാണ് ഇന്ന് ഡി.എം.കെ നേതാവ് കരുണാനിധി പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.
അമേരിക്കയുടെ പ്രമേയത്തില്‍ ഇന്ത്യ രണ്ട് ഭേദഗതികള്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. എല്‍.ടി.ടി.ഇ വേട്ടയുടെ പേരില്‍ ശ്രീലങ്ക നടത്തിയത് വംശഹത്യയാണെന്നും അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷന്‍ വേണമെന്നുമാണ് കരുണാനിധി ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലും ശ്രീലങ്കന്‍ വിഷയത്തില്‍ കടുത്ത പ്രതിഷേധം നടക്കുകയാണ്. കഴിഞ്ഞ ദിവസം നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രശ്‌നത്തില്‍ തമിഴ് ചലച്ചിത്ര രംഗത്തുള്ളവരും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
ചെന്നൈയില്‍ ഇന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉപവാസം നടത്തും. രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് നിരാഹാരസമരം നടത്തുക.
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് തുല്യ സ്വാതന്ത്ര്യവും അവകാശവും അനുവദിക്കുക, പ്രത്യേക തമിഴ് ഈഴം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമാ പ്രവര്‍ത്തകരുടെ ഉപവാസം.
ലോകസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ യു.പി.എയുടെ രണ്ടാമത്തെ വലിയ കക്ഷിയായ ഡി.എം.കെയുടെ നടപടി യു.പി.എക്ക് കനത്ത ആഘാതമാകുമെന്നത് ഉറപ്പാണ്. ഈ പ്രതിസന്ധി സര്‍ക്കാര്‍ എങ്ങനെ മറികടക്കുമെന്നാണ് ഇനി കാണേണ്ടത്.