ലഖ്‌നൗ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പുരുഷ ടൈലർമാരെയും ബാർബർമാരെയും ജിം ട്രെയിനർമാരെയും നിരോധിക്കണമെന്ന നിർദേശവുമായി യു.പി വനിത കമ്മീഷൻ. ഒക്‌ടോബർ 28ന് നടന്ന ഉത്തർപ്രദേശ് വനിത കമ്മീഷന്റെ യോഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാനായി നൽകിയ നിർദേശങ്ങളാണിവ.
പൊതു ഇടങ്ങളിൽ സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിനായി സ്‌കൂൾ ബസുകളിൽ വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും വനിതാ വസ്ത്രശാലകളിൽ വനിത ജീവനക്കാരെ നിയമിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഇതിനെ പിന്തുണച്ചതായും അവർ പറഞ്ഞു. ഇത് ഇപ്പോൾ ഒരു നിർദ്ദേശം മാത്രമാണെന്നും ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും അഗർവാൾ പറഞ്ഞു.
‘സലൂണുകളിൽ, സ്ത്രീ കസ്റ്റമർമാരെ ശ്രദ്ധിക്കേണ്ടത് വനിതകളായിരിക്കണം. പുരുഷന്മാർ ഇത്തരത്തിലുള്ള തൊഴിലിൽ ഏർപ്പെടുന്നതിനാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം. ചർച്ചകൾ പ്രാഥമികമാണ്. ഈ നിർദേശങ്ങളുടെ സാധ്യതകൾ ഇനിയും തീരുമാനിച്ചിട്ടില്ല. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഈ നിർദ്ദേശങ്ങൾ ഗ്രൗണ്ട് ലെവൽ നടപ്പിലാക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കാൻ സർക്കാരിന് സമർപ്പിക്കും,’ അഗർവാൾ പറഞ്ഞു.
Content Highlight: UP women’s body proposes men shouldn’t tailor women’s clothes or cut their hair