കാന്‍പൂര്‍: ദേശീയതലത്തില്‍ കളിക്കുന്ന വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കു നേരെ പൊലീസ് അതിക്രമം. കാന്‍പൂരില്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് സംഭവം. തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും കയ്യേറ്റം ചെയ്തുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
ടൂര്‍ണ്ണമെന്റ് നടത്തുന്നതിന് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുഖേനെ ആവശ്യമായ അനുമതികള്‍ വാങ്ങിയിരുന്നുവെന്ന് റീജ്യനല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ അജയ് സെതി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. എന്നാല്‍ കളി നടക്കുന്നതിനിടെ പൊലീസ് എത്തി തടസപ്പെടുത്തുകയും ടൂര്‍ണ്ണമെന്റിന് അനുമതി ഇല്ലെന്ന് പറയുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘ചേട്ടന്‍ ശിവസേനയാണോ?’; ‘ആഭാസ’ത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി (Watch Trailer)
ടൂര്‍ണ്ണമെന്റ് നടത്താന്‍ അനുമതിയില്ലെന്ന പൊലീസിന്റെ വാദം തെറ്റാണെന്ന് കാന്‍പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. വിഷയം ഇപ്പോള്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ പരിഗണനയിലാണെന്നും അജയ് സെതി പറഞ്ഞു.
12 ദേശീയ ടീമുകളാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് എത്തിയതെന്ന് പഞ്ചാബ് വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ അംഗവുമായ എന്‍. കുമാര്‍ പറഞ്ഞു. പൊലീസ് ഒരു കാരണവുമില്ലാതെ എത്തി കളി തടസപ്പെടുത്തുകയായിരുന്നു. ഒരു കയ്യില്‍ “ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” പോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന സര്‍ക്കാര്‍ മറുകൈ കൊണ്ട് തങ്ങളുടെ പെണ്‍കുട്ടികളുടെ ഭാവി തകര്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.