2014 ശേഷം ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശില്‍; മൂന്നുവര്‍ഷത്തെ കലാപങ്ങളുടെ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍
Communal polarization
2014 ശേഷം ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശില്‍; മൂന്നുവര്‍ഷത്തെ കലാപങ്ങളുടെ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st December 2017, 11:45 am

ന്യൂദല്‍ഹി: വര്‍ഗ്ഗീയ കലാപങ്ങളുടെ തലസ്ഥാനമെന്ന പദവി ഇനി ഉത്തര്‍പ്രദേശിന് സ്വന്തം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളുടെ കണക്ക് ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇക്കാലയളവില്‍ ആകെ 2098 കലാപങ്ങളാണ് രാജ്യത്താകെ ഉണ്ടായത്.

ഇതില്‍ 450 കലാപങ്ങള്‍ക്കും വേദിയായത് ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 മുതല്‍ 2016 വരെയുള്ള മൂന്നുവര്‍ഷത്തെ കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചത്. കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് ഉത്തര്‍പ്രദേശിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.

279, 270 കേസുകളാണ് വര്‍ഗ്ഗീയകലാപവുമായി ബന്ധപ്പെട്ട് ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഗോവ, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒരു വര്‍ഗ്ഗീയ കലാപം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എറ്റവും കുറവ് കലാപങ്ങള്‍ കേരളത്തിലാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 13 കലാപങ്ങളാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.