|

വിനാശകരമായ രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും; 2022ല്‍ ഉത്തര്‍പ്രദേശില്‍ ജനാധിപത്യ വിപ്ലവമുണ്ടാകുമെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: യോഗി ആദിത്യനാഥ് നയിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ 2022ല്‍ ഉത്തര്‍പ്രദേശില്‍ ജനാധിപത്യ വിപ്ലവമുണ്ടാകുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2022ല്‍ യു.പിയില്‍ ഒരു തെരഞ്ഞെടുപ്പല്ല നടക്കുന്നത്, ജനാധിപത്യ വിപ്ലവമാണുണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘നിലവിലെ വിനാശകരമായ, യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള, നിഷേധാത്മക രാഷ്ട്രീയത്തിനെതിരെ ജനം വിധി എഴുതും. എന്നിട്ട് ചൂഷണം ചെയ്യപ്പെട്ട, അവഗണിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, അപമാനിക്കപ്പെട്ട വിഭാഗങ്ങളുടെ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവുണ്ടാകും.

അത് ദളിത്, പിന്നാക്ക, ദരിദ്ര, കര്‍ഷര്‍ക, തൊഴിലാളി, സ്ത്രീ, യുവ പ്രാതിനിധ്യമുള്ള പുതിയ രാഷ്ട്രീയമായിരിക്കും,’ അഖിലേഷ് യാദവ് ട്വീറ്റില്‍ പറഞ്ഞു.

2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 350 സീറ്റുകളും സമാജ്‌വാദി പാര്‍ട്ടി നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങള്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി.എസ്.പിയുമായുള്ള സഖ്യ സാധ്യതകളെ അഖിലേഷ് യാദവ് തള്ളിയിരുന്നു. എന്നാല്‍, സമാന മനസ്‌കരായ ചെറു പാര്‍ട്ടികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏതാനും ബി.എസ്.പി. നേതാക്കള്‍ ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍, 2019ല്‍ പരാജയപ്പെട്ടതു പോലെ ഒരു സഖ്യം ഇനി ഉണ്ടാകില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ഇതിനുപിന്നാലെ ബി.എസ്.പി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതിയും പറഞ്ഞിരുന്നു.

കടുത്ത മത്സരം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ബി.ജെ.പിക്ക് മേല്‍ക്കൈയുള്ള സംസ്ഥാനമാണെങ്കിലും നിലവില്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്ന സംസ്ഥാനം കൂടിയാണ് യു.പി.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഭരണത്തില്‍ അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ യോഗിയെ മുന്നില്‍ നിര്‍ത്താന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: UP Will Have A Revolution In 2022, says Akhilesh Yadav