| Saturday, 4th June 2022, 7:57 am

'ഇന്ത്യയുടെ വളര്‍ച്ചയെ യു.പി നയിക്കും, ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാര്‍'; നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാജ്യത്തിന്റെ വളര്‍ച്ച യു.പി മുന്നോട്ട് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയുടെ വികസനത്തിനും ആത്മനിര്‍ഭര്‍ ഭാരതത്തിനും വേണ്ടി എല്ലാ തയ്യാറെടുപ്പുകളും സ്വീകരിക്കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്ക് ഉറപ്പ് നല്‍കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ലഖ്‌നൗവില്‍ ചേര്‍ന്ന് നിക്ഷേപക സമ്മിറ്റില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘ഈ പത്ത് വര്‍ഷങ്ങളെ നോക്കൂ. ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകമാകാന്‍ പോകുകയാണ് യു.പി,’ സമ്മിറ്റിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

പ്രമുഖ വ്യവസായികളായ ഗൗതം അദാനി, കുമാര്‍ മംഗളം ബിര്‍ല, നിരഞ്ജന്‍ ഹിരാനന്ദാനി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും സമ്മിറ്റില്‍ പങ്കെടുത്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തിന് 70,000 കോടി രൂപ കൈമാറുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രഖ്യാപിചു. സംസ്ഥാനത്ത് 30,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ലഖ്‌നൗവില്‍ വെള്ളിയാഴ്ച ചേര്‍ന്ന യു.പി നിക്ഷേപക സമ്മിറ്റിലാണ് പ്രഖ്യാപനങ്ങളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കുന്നു. 80,000 രൂപ മുതല്‍ മുടക്കില്‍ 1406 പദ്ധതികളാണ് സമ്മിറ്റില്‍ പ്രഖ്യാപിച്ചത്.

കാണ്‍പൂര്‍ സെക്ഷനില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വെടിമരുന്ന് നിര്‍മാണ കേന്ദ്രം നിര്‍മിക്കുന്നതിന് അദാനി ഗ്രൂപ്പും ഉത്തര്‍പ്രദേശ് സര്‍ക്കാരും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1500 കോടി രൂപയുടെ മുതല്‍ മുടക്കിലാവും പദ്ധതി നടപ്പിലാക്കുക. 250 ഏക്കര്‍ വിസ്തൃതിയിലായിരിക്കും നിര്‍മാണം.

യു.പിയില്‍ ഉയര്‍ന്നു വരുന്ന നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ വിശ്വാസ്യതയാണ് വ്യക്തമാക്കുന്നതെന്ന് മോദിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍്ട്ട് ചെയ്തു. ഉത്തര്‍പ്രദേശിന്റെ വികസനത്തിനും ആത്മനിര്‍ഭര ഭാരതത്തിനും വേണ്ടി ഏതെങ്കിലും മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെങ്കില്‍ അത് നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സര്‍ക്കാരിന് സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ സാധിച്ചുവെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയര്‍ന്നതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യു.പിയെന്നും യോഗി അവകാശപ്പെട്ടിരുന്നു.

Content Highlight: Up will be the major driving force of India says Modi

We use cookies to give you the best possible experience. Learn more