യു.പി ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുസ്‌ലിം, യാദവ് ഉദ്യോഗസ്ഥരെ നീക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സമാജ്‌വാദി പാര്‍ട്ടി
India
യു.പി ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുസ്‌ലിം, യാദവ് ഉദ്യോഗസ്ഥരെ നീക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സമാജ്‌വാദി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2024, 10:21 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ കുന്ദാര്‍ക്കി മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ച മുസ്‌ലിം, യാദവ് വിഭാഗങ്ങളില്‍പ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് കുന്ദാര്‍ക്കി. ഒന്‍പത് സീറ്റുകളിലെ എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരു മണ്ഡലത്തില്‍ നിന്ന് എസ്.പിയുടെ എം.എല്‍.എ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 28 ശതമാനം മുതല്‍ 30 ശതമാനം വരെ വരുന്ന യാദവരും മുസ്‌ലിങ്ങളുമാണ് എസ്.പിയുടെ വോട്ട് ബാങ്ക്.

2022 മുതല്‍ 2024 ജൂണ്‍ വരെ സിയാ-ഉര്‍-റഹ്‌മാന്‍ ബര്‍ഖ് ആയിരുന്നു കുന്ദാര്‍ക്കി നിയമസഭാ മണ്ഡലത്തിന്റെ എം.എല്‍.എ. അദ്ദേഹം സംബല്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റ് ഒഴിഞ്ഞത്.

1993-ലാണ് ബി.ജെ.പി അവസാനമായി ഈ സീറ്റ് നേടിയത്. 1996 മുതല്‍ കുന്ദാര്‍ക്കിയിലെ എല്ലാ എം.എല്‍.എമാരും മുസ്‌ലീങ്ങളായിരുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുന്ദാര്‍ക്കിയിലെ യാദവ്, മുസ്‌ലിം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരേയും യാദവരും മുസ്‌ലീങ്ങളും അല്ലാത്തവരേയും പകരം നിയമിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറി മുന്നില്‍ കണ്ടാണെന്നുമാണ് എസ്.പിയുടെ യു.പി പ്രസിഡന്റ് ശ്യാം ലാല്‍ പാല്‍ യു.പി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ മാറ്റിയ 12 ബി.എല്‍.ഒ(ബൂത്തല്‍ ലെവല്‍ ഓഫീസേഴ്‌സ്) മാരുടെയും ജീവനക്കാരുടേയും പട്ടികയും കത്തിനൊപ്പം പാല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പത്ത് മുസ്‌ലിം ഉദ്യോഗസ്ഥരാണ് ഉള്‍പ്പെടുന്നത്. സൂപ്പര്‍വൈസര്‍ ഫിറോസ് ഹൈദറിന് പകരം സുന്ദര്‍ ലാല്‍ ശര്‍മ്മയെന്ന ആളെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ പട്ടിക പൂര്‍ണ്ണമല്ലെന്നും മറ്റ് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പാല്‍ കത്തില്‍ ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പിന് മുമ്പ് ‘ജാതി, മത അടിസ്ഥാനത്തില്‍’ ബി.എല്‍.ഒമാരെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും മാറ്റുന്നത് ‘ജനാധിപത്യപരമല്ലെന്നും ഭരണഘടനാ വിരുദ്ധവുമാണെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണെന്നും ബി.എല്‍.ഒമാരെയും ജീവനക്കാരേയും മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 43 എണ്ണം നേടാന്‍ എസ്.പി ഉള്‍പ്പെട്ട ഇന്ത്യാ സഖ്യത്തിനായിരുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരും മുറാദാബാദ് ജില്ലാ ഭരണകൂടവും എസ്.പിയുടെ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പി ചീഫ് ഇലക്ഷന്‍ ഓഫീസറും വാര്‍ത്തയില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പ്രാദേശിക വോട്ടര്‍മാരെ നന്നായി അറിയുന്ന, പ്രാദേശിക സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് ബി.എല്‍.ഒ ആയി നിയമിക്കാറ്. വോട്ടര്‍ പട്ടിക പുതുക്കുന്നതില്‍ ഉള്‍പ്പെടെ ഇവരുടെ സഹായമാണ് തേടുക.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം അനുസരിച്ച്, വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയിലും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ബി.എല്‍.ഒമാര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇവരെ മാറ്റുന്നത് വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ടെന്നാണ് എസ്.പി കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ ബി.എല്‍.ഒയുടെയും അധികാരപരിധിയില്‍ ഒന്നോ രണ്ടോ പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകും. അധ്യാപകര്‍, അംഗന്‍വാടി ജീവനക്കാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പോസ്റ്റല്‍ ജീവനക്കാര്‍, വൈദ്യുതി ബില്‍ റീഡര്‍മാര്‍, ഗ്രാമീണ ജീവനക്കാര്‍, നഴ്‌സുമാര്‍, സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ബി.എല്‍.ഒമാരായി നിയമിക്കാറ്.

അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മരിച്ചവരുടെയോ ഇരട്ട വോട്ടര്‍മാരുടെയോ പ്രദേശത്തുനിന്ന് കുടിയേറിയവരുടെയോ പേരുകള്‍ കണ്ടെത്തുന്നതും ബി.എല്‍.ഒമാരാണ്.

Content Highlight: UP upcoming by-poll, S.P alleged that Muslim and Yadav election-related officials replaced