ഗൊരഖ്പൂര്‍ : മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗമായ സന്യാസ സമൂഹത്തിന്റെ പ്രധാനാചാര്യന്‍ ബാബ ഗൊരഖ്‌നാഥിനെ ഉത്തര്‍പ്രദേശ് സംസ്ഥാന സിലബസ്സില്‍ ഉള്‍പ്പെടുത്തി. ആറാം ക്ലാസുകാരുടെ പാഠപുസ്തകത്തിലാണ് ബാബ ഗൊരഖ്‌നാഥിനെക്കുറിച്ചുള്ള പുതിയ അധ്യായം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൊരഖ്‌നാഥ് മഠത്തിലെ പ്രധാന പുരോഹിതന്‍ കൂടിയാണ് യോഗി ആദിത്യനാഥ്.
“അവഗണിക്കപ്പെട്ട മഹത് വ്യക്തികളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക” എന്ന യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പുതിയ അധ്യായം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ സര്‍ക്കാരുകള്‍ മണ്‍മറഞ്ഞു പോയ പല വിശിഷ്ട വ്യക്തികളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ യാതൊരു ശ്രദ്ധയും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാഥ് സന്യാസ സമൂഹത്തിലെ തന്നെ ബാബാ ഗംഭീര്‍നാഥ്, സ്വാതന്ത്ര്യ സമരനേതാക്കളായ ബന്ധു സിംഗ്, റാണി അവന്തി ഭായ്, 12ാം നൂറ്റാണ്ടിലെ യോദ്ധാക്കളായിരുന്ന അല്‍ഹ – ഉദാല്‍ സഹോദരങ്ങള്‍ എന്നിവരാണ് പ്രൈമറി പാഠപുസ്തകങ്ങളില്‍ ഇടം നേടിയിരിക്കുന്ന മറ്റു വ്യക്തികള്‍.
Also Read:പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം ഓര്‍മ്മിപ്പിക്കാന്‍ യുവാവ് നടന്നത് 1350 കിലോമീറ്റര്‍
ജൂലൈ രണ്ടിന് ആരംഭിക്കുന്ന അധ്യയന വര്‍ഷത്തിനാവശ്യമായ പാഠപുസ്തകങ്ങളെല്ലാം വിതരണത്തിന് തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. 16 പുതിയ അധ്യായങ്ങളാണ് “മഹത് വ്യക്തിയാം” എന്ന തലക്കെട്ടോടെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കുട്ടികള്‍ക്ക് സ്വന്തം നാടിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിപ്പിച്ചു കൊടുക്കുമെന്നത് മുഖ്യമന്ത്രിയായ ഉടന്‍ തന്നെ യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗങ്ങളിലെ പ്രധാന വിഷയമായിരുന്നു. മറ്റു ഭരണാധികാരികള്‍ നാടിന്റെ തനിമയും നാട്ടു കഥകളും മനപൂര്‍വ്വം മറക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
വിദ്യഭ്യാസരംഗത്തെ കാവി പുതപ്പിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയാണ് യോഗി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ദുജേന്ദ്ര ത്രിപതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് സുനില്‍ സിംഗ് സജനും ആരോപിച്ചു