തെറ്റ് പറ്റി; കൈകൂപ്പി മാപ്പ് ചോദിച്ച് യു.പിയിലെ അധ്യാപിക
national news
തെറ്റ് പറ്റി; കൈകൂപ്പി മാപ്പ് ചോദിച്ച് യു.പിയിലെ അധ്യാപിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th August 2023, 3:44 pm

ന്യൂദല്‍ഹി: യു.പിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അധ്യാപിക തൃപ്ത ത്യാഗി. താന്‍ തെറ്റ് ചെയ്‌തെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അധ്യാപിക പുറത്തിറക്കിയ വീഡിയയില്‍ പറയുന്നത്. കുട്ടിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും അധ്യാപിക പറഞ്ഞു.

‘എനിക്ക് തെറ്റുപ്പറ്റി. ഹിന്ദു-മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കണമെന്ന ഉദ്ദേശമില്ലായിരുന്നു. കുട്ടി ഹോം വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നു. ശിക്ഷിക്കുന്നതിലൂടെ അതിനെ ഓര്‍മിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം,’ വീഡിയോയില്‍ തൃപ്ത പറയുന്നു. താനൊരു ഭിന്നശേഷിക്കാരിയാണെന്നും അതിനാലാണ് സഹപാഠികളെ കൊണ്ട് തല്ലിച്ചതെന്നും കുട്ടി പഠിക്കാന്‍ തുടങ്ങണമെന്നായിരുന്നു തനിക്കുണ്ടായിരുന്നതെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു. ഹിന്ദു-മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കാന്‍ വേണ്ടി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

‘കൈകള്‍ കൂപ്പി ചെയ്തത് തെറ്റാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഹിന്ദു-മുസ്‌ലിം വിഭജനം ഉണ്ടാക്കണമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പല മുസ്‌ലിം രക്ഷിതാക്കള്‍ക്കും സ്‌കൂളിലെ ഫീസ് താങ്ങാന്‍ സാധിച്ചിരുന്നില്ല. ഞാനവരെയെല്ലാം സൗജന്യമായി പഠിപ്പിച്ചു. മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുക എന്ന ഉദ്ദേശം എനിക്കില്ലായിരുന്നു,’ ത്യാഗി പറഞ്ഞു. എന്നാല്‍ താന്‍ ചെയ്തതില്‍ ലജ്ജിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം തൃപ്ത പറഞ്ഞിരുന്നത്.

അതേസമയം, അന്വേഷണ വിധേയമായി സംഭവം നടന്ന നേഹ പബ്ലിക്ക് സ്‌കൂള്‍ ഇന്നലെ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ഇത് ബാധിക്കാതിരിക്കാന്‍ കുട്ടികളെ അടുത്തുള്ള സ്‌കൂളില്‍ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സ്‌കൂള്‍ അടച്ചിടുക. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ത്യാഗിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു

ഓഗസ്റ്റ് 24നാണ് വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അധ്യാപിക വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എഴുന്നേറ്റ് നിര്‍ത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

അധ്യാപികയുടെ നിര്‍ദേശപ്രകാരം മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോള്‍ മനസുനൊന്ത വിദ്യാര്‍ത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. അക്രമത്തിനിരയായി കുട്ടി മുസ്‌ലിം മത വിഭാഗത്തില്‍പ്പെട്ട ക്ലാസിലെ ഏക വിദ്യാര്‍ത്ഥിയായിരുന്നു. താന്‍ എല്ലാ മുസ്‌ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം.

Content Highlights: UP teacher appologise for her act