national news
നിയമസഭക്കുള്ളില്‍ പാന്‍മസാല ചവച്ച് തുപ്പി യു.പി എം.എല്‍.എമാര്‍; കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ നടപടിയെന്ന് സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 04, 11:57 am
Tuesday, 4th March 2025, 5:27 pm

ലഖ്നൗ: നിയമസഭക്കുള്ളില്‍ പാന്‍മസാല ചവച്ച് തുപ്പുന്ന സ്വഭാവം ഒഴിവാക്കണമെന്ന് ഉത്തര്‍പ്രദേശിലെ എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ സതീഷ് മഹാനയുടെ താക്കീത്.

സഭക്കുള്ളില്‍ പാന്‍മസാല ചവച്ച് തുപ്പുന്നുവെന്ന വിവരം അറിഞ്ഞോതോടെ സഭയിലെത്തി താനത് വൃത്തിയാക്കിയെന്നും സ്പീക്കര്‍ പറഞ്ഞു. ഈ സ്വഭാവദൂഷ്യം ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിധാന്‍സഭ ഹാളിലാണ് സംഭവം.

ഇന്ന് (ചൊവ്വ) രാവിലെ നിയമസഭാ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു എം.എല്‍.എ സഭക്കുള്ളില്‍ തുപ്പിയതായി വീഡിയോ ദൃശ്യങ്ങളില്‍ കണ്ടുവെന്നാണ് സ്പീക്കര്‍ അറിയിച്ചത്.

ആരെയും അപമാനിക്കുന്നില്ല. സഭക്കുള്ളില്‍ പാന്‍മസാല ചവച്ച് തുപ്പിയ എം.എല്‍.എമാര്‍ ആരാണെന്ന് അറിയാമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പേര് പുറത്തുവിടുന്നില്ലെന്നും സതീഷ് മഹാന പറഞ്ഞു.

എന്നാല്‍ സഭക്കുള്ളില്‍ പാന്‍മസാല ഉപയോഗിച്ചവര്‍ വ്യക്തിപരമായി നേരിട്ട് കണ്ട ശേഷം കുറ്റസമ്മതം നടത്തണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ആരംഭിച്ചതിന് ശേഷം എം.എല്‍.എമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ വൃത്തിയായി സൂക്ഷിക്കുക എന്നത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളില്‍ സഭയുടെ കവാടത്തിലുള്‍പ്പെടെ പാന്‍മസാല തുപ്പിയിരിക്കുന്നതായി കാണാം.

ഇതോടെ യു.പി നിയമസഭക്കുള്ളില്‍ അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: UP Speaker Slams MLA For Spitting ‘Pan Masala’ In Assembly