ന്യൂദല്‍ഹി: ബി.ജെ.പി വിട്ട ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് എം.പി സാവിത്രി ബായ് ഫൂലെയും എസ്.പി നേതാവും മുന്‍ എം.പിയുമായ രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടേയും സാന്നിധ്യത്തിലായിരുന്നു ഇവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
“രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ട്. ബി.ജെ.പിയുടെ ഭരണം നിര്‍ത്താന്‍ കഴിവുള്ള കോണ്‍ഗ്രസില്‍ ഞാന്‍ ശക്തയാവും”- സാവിത്രി ഫൂലെ പറഞ്ഞു.
ദളിത് നേതാവായിരുന്ന ഫുലെ കഴിഞ്ഞ വര്‍ഷം ബി.ആര്‍ അംബേദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ഭരണകക്ഷിയായ ബി.ജെ.പി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെയുടെ രാജി.
ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട് പരമാര്‍ശം നടത്തിയ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെതിരെ ഫുലെ രൂക്ഷമായി പ്രതികരിച്ചിരുന്നു. തുടര്‍ന്നായിരുന്നു പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നെങ്കിലും പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല. ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ പ്രവര്‍ത്തകയായിരുന്ന ഫൂലെ പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
എസ്.പി നേതാവായ രാകേഷ് സച്ചന്‍ രണ്ടു തവണ എം.എല്‍.എയായിട്ടുണ്ട്. 2009ല്‍ ഫത്തേപുരില്‍ നിന്ന് പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ ഇവിടെ ബി.ജെ.പിയോട് പരാജയപ്പെട്ടു.