ലക്‌നൗ: യു.പിയില്‍ സവര്‍ണ്ണ ജാതിയുടെ പേര് പതിപ്പിച്ച ഷൂ വില്‍പ്പന ചെയ്തുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബുലന്ദ്ശഹര്‍ പൊലീസാണ് കേസെടുത്തത്. സംസ്ഥാനത്തെ സവര്‍ണ്ണജാതി വിഭാഗമായ ‘താക്കൂര്‍’ എന്നെഴുതിയ ഷൂ വിറ്റുവെന്നാരോപിച്ചാണ് കേസെടുത്തത്.
നസീര്‍ എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രദേശത്തെ തീവ്രഹിന്ദുത്വ സംഘടനനേതാവായ വിശാല്‍ ചൗഹാനാണ് നസീറിനെതിരെ പരാതി നല്‍കിയത്.
മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും, പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബുലന്ദ്ശഹര്‍ നഗരത്തിലെ തെരുവില്‍ ഷൂ വില്‍പ്പന നടത്തുന്നയാളാണ് നസീര്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവിടെയെത്തിയ ചിലര്‍ അദ്ദേഹത്തോട് ഷൂ വില്‍ക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
താക്കൂര്‍ എന്നത് ഉയര്‍ന്നജാതിയാണെന്നും മുസ്‌ലിമായ നിങ്ങള്‍ ഇത് വില്‍ക്കാന്‍ പാടില്ലെന്നും ചിലര്‍ നസീറിനോട് പറയുന്ന വീഡിയോ ആണ് ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
അതേസമയം ഏത് കമ്പനിയാണ് ഷൂ നിര്‍മ്മിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷൂ നിര്‍മ്മാണ കേന്ദ്രമായി അറിയപ്പെടുന്ന ഒരു നഗരത്തില്‍ നിന്ന് ഇതേ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയാണ് ഷൂ നിര്‍മ്മിച്ചതെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക