| Saturday, 26th March 2022, 10:57 am

ബി.ജെ.പിയില്‍ മുസ്‌ലിങ്ങളുടെ വിശ്വാസം വര്‍ധിച്ചു; എന്റെ നിയമനം സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും മുഖത്തേല്‍ക്കുന്ന അടിയാണ്: ഉത്തര്‍പ്രദേശിലെ ഏക മുസ്‌ലിം മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും തന്റെ നിയമനം മുഖത്തേല്‍ക്കുന്ന അടിയാണെന്ന് ഉത്തര്‍പ്രദേശിലെ ഏക മുസ്‌ലിം മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. യോഗി ആദിത്യനാഥിന്റെ 52 അംഗ സര്‍ക്കാരിന്റെ ഭാഗമായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഡാനിഷ് ആസാദ് അന്‍സാരിയുടെ പ്രതികരണം.

കഴിഞ്ഞ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മൊഹ്‌സിന്‍ റാസക്ക് പകരമായാണ് ഡാനിഷ് അന്‍സാരി അധികാരത്തില്‍ വന്നത്.

‘സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും എന്റെ നിയമനം ഒരു മുഖത്തേല്‍ക്കുന്ന അടിയാണ്. അപ്രതീക്ഷിതമായല്ല ഞാന്‍ മന്ത്രിയായത്, മറിച്ച് അര്‍പ്പണബോധമുള്ള ഒരു പ്രവര്‍ത്തകനില്‍ പാര്‍ട്ടി നല്‍കിയ വിശ്വാസത്തിന്റെ അടയാളമാണ് എന്റെ മന്ത്രി സ്ഥാനം,’ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

തനിക്ക് അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ മന്ത്രിസ്ഥാനം എസ്.പിക്കും കോണ്‍ഗ്രസിനും ബി.ജെ.പി നല്‍കിയ അടിയാണ്. യോഗി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും പ്രയോജനം മുസ്‌ലിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആ പദ്ധതികളിലെല്ലാം ഞങ്ങളുടെ പങ്കാളിത്തവുമുണ്ട്. സംസ്ഥാനത്തെ മുസ്‌ലികളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെപ്പോലുള്ള ഒരു സാധാരണ പ്രവര്‍ത്തകന് ഇത്രയും വലിയ അവസരം നല്‍കിയതിന് പാര്‍ട്ടിയോട് ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ എന്റെ ചുമതലകള്‍ പൂര്‍ണ സത്യസന്ധതയോടെ നിര്‍വഹിക്കും,’ അന്‍സാരി പറയുന്നു.

ബി.ജെ.പിയില്‍ മുസ്‌ലിങ്ങളുടെ വിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബി.ജെ.പി നടത്തുന്ന ക്ഷേമപദ്ധതികള്‍ മുസ്‌ലിങ്ങള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. പദ്ധതികളുടെ ആനുകൂല്യം നല്‍കുന്നതിന് മുമ്പ് ഈ സര്‍ക്കാര്‍ ആരോടും ജാതിയും മതവും ചോദിക്കുന്നില്ല. മുസ്‌ലിങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്,’ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

2010ലാണ് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ (എ.ബി.വി.പി) ഡാനിഷ് ആസാദ് അന്‍സാരി അംഗമാകുന്നത്.

2018 ഒക്ടോബറില്‍ യോഗി സര്‍ക്കാരിലെ ഉറുദു ഭാഷാ കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുകയും അതോടൊപ്പം സംസ്ഥാന മന്ത്രി പദവി ലഭിക്കുകയും ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അന്‍സാരിയെ ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.

Content Highlights:  UP’s Muslim Minister Ansari says his apointment Slap For Samajwadi Party, Congress

We use cookies to give you the best possible experience. Learn more