കന്‍വാര്‍ യാത്രയ്ക്ക് ശബരിമലയുമായി ചില സാമ്യങ്ങളുണ്ട്
Notification
കന്‍വാര്‍ യാത്രയ്ക്ക് ശബരിമലയുമായി ചില സാമ്യങ്ങളുണ്ട്
ശ്രീജിത്ത് ദിവാകരന്‍
Monday, 22nd July 2024, 5:29 pm

കന്‍വാര്‍ യാത്രികര്‍ക്ക് ഉള്ളിക്കറി വിളമ്പിയതിന്റെ പേരില്‍ യു.പിയില്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്ത വാര്‍ത്ത കേട്ട് ചിരിച്ച് തള്ളണ്ട, നാല് സുരേഷ് ഗോപി ജയിച്ചാല്‍ കേരളത്തില്‍ ശബരിമല കാലത്ത് നമുക്കിത് തന്നെയാണ് വിധി.

പല തരത്തിലും ശബരിമലയായി സാമ്യമുണ്ട് കന്‍വാര്‍ തീര്‍ത്ഥാടനത്തിന്. സ്ത്രീകളില്ലാത്ത പുരുഷന്മാരുടെ സംഘം ചേര്‍ന്നുള്ള യാത്ര. നോമ്പുകള്‍, പീഡകള്‍.. യാത്ര ചെയ്ത് എത്തിച്ചേരേണ്ടത് മലയോരങ്ങളില്‍. തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും പിന്നാക്ക ഹിന്ദുക്കള്‍. ഇവര്‍ക്ക് ബ്രാഹ്‌മണ്യവുമായുള്ള ബന്ധം ആരംഭിക്കുന്നത് എണ്‍പതുകളിലെ ബാബ്രി പള്ളി വിരുദ്ധ/ രാമജന്മഭൂമി പ്രക്ഷോഭ കാലത്ത്.

ശബരിമല തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷത്തിനും ഹിന്ദുത്വയുമായി ബന്ധമില്ലാത്തത് പോലെ കന്‍വാര്‍ തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും സാധാരണ ശിവഭക്തരാണ്. പക്ഷേ എണ്‍പതുകളുടെ അവസാന കാലത്ത് ആരംഭിച്ച് രണ്ടായിരാമാണ്ട് കാലത്ത് ശക്തിയാര്‍ജ്ജിച്ച പിന്നീട് 2014ന് ശേഷം വന്യാകാരം പൂണ്ട ഒരു ചെറു വിഭാഗമാണ് കന്‍വാര്‍ യാത്രികരെ ഒരു മിലിറ്റന്റ് ഹിന്ദു സ്വഭാവത്തില്‍ നിലനിര്‍ത്തുന്നത്. അതിന്റെ നടത്തിപ്പുരായി ഹിന്ദുത്വ നിശ്ചയിച്ചിരിക്കുന്നത് സ്വഭാവികമായും ബ്രാഹ്‌മണ്യേതര, ചാതുര്‍വര്‍ണ്യേതര പുറം ജാതിക്കാരെയാണ്.

ഉത്തരേന്ത്യന്‍ മനുഷ്യരുടെ അടിസ്ഥാന ഭക്ഷണമാണ് ഉള്ളി. പ്യാജ് ഔര്‍ നമക്, ഒരു കഷ്ണം ഉള്ളിയും ലേശം ഉപ്പുമുണ്ടെങ്കില്‍ അതൊരു ഗോതമ്പ് റൊട്ടിയുമായി ചേര്‍ത്ത് കഴിച്ച് ആഴ്ചകളും മാസങ്ങളും അവര്‍ അതിജീവിക്കും. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഭക്ഷണം. പണ്ട് ബി.ജെ.പി ദല്‍ഹി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത്, സഹേബ് സിങ് വര്‍മ്മ എന്ന മുഖ്യമന്ത്രിയുടെ കസേര തെറിച്ചത് ഉള്ളിയുടെ വില പിടിച്ച നിര്‍ത്താന്‍ പറ്റാതിരുന്നത് കൊണ്ടാണ്.

ഉത്തരേന്ത്യയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ സവര്‍ണ ബ്രാഹ്‌മണിരിലെ ഒരു ചെറുവിഭാഗത്തിനാണ് ഉള്ളിയോട് അയിത്തമുള്ളത്. 90 ശതമാനത്തിലധികം ദളിത്, പിന്നാക്ക ഹിന്ദുക്കളുടെ പ്രയാണമായ കന്‍വാര്‍ യാത്രയില്‍ ആരാണ് ഉള്ളിയുടെ പേരില്‍ ആക്രണം നടത്തുന്നത്? മനുഷ്യര്‍ അവരുടെ അടിസ്ഥാന ഭക്ഷണത്തെ തള്ളി പറയുമോ? പറയും.

പുതു ഹിന്ദുത്വ അഭിനയിക്കുന്ന എത്രയോ മലയാളികള്‍ ബീഫിനേയും മീറ്റ് ബേസ്ഡ് ഭക്ഷണത്തേയും തള്ളി പറയുന്നു. 90 പ്ലസ് ശതമാനം മലയാളികളും മാംസാഹാരികള്‍ (മത്സ്യമടക്കമുള്ള മാംസം) ആണെന്നിരിക്കെ പൊതു ചടങ്ങുകളില്‍ സസ്യാഹാരികളായി നമ്മള്‍ നടിക്കുന്നില്ലേ?

പത്ത് ശതമാനത്തില്‍ താഴെയുള്ള വെജിറ്റേറിയന്‍ ഭക്ഷണ രീതി സ്വഭാവികമായും 90 ശതമാനത്തില്‍ അധികം പേര്‍ കഴിക്കുന്നതിനെ സ്വാഭാവിക വിരുദ്ധരായും -നോണ്‍- എന്ന കണക്കാക്കുന്നില്ലേ നമ്മള്‍? പൊങ്ങച്ചത്തില്‍ വെജ് എന്ന് വച്ച് താങ്ങുന്നില്ലേ? നിങ്ങളെ ഉള്ളിക്കറിയുടെ പേരില്‍ വരെ ആക്രമിക്കാന്‍ തയ്യാറാകുന്നവര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

പ്രതിരോധിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ. 21-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് പോലും പല സ്‌കാന്‍ഡിനേവിന്‍ രാജ്യങ്ങള്‍ തീവ്രവാദികളും ജനാധിപത്യ വിരുദ്ധരുമായി കണക്കാക്കിയിരുന്ന രണ്ട് കൂട്ടര്‍ ആരാണെന്ന് തിരിച്ചറിയുക. ഒന്ന് നിയോ നാത്സികള്‍. രണ്ട്: വീഗന്‍ ഫണ്ടമെന്റലിസ്റ്റുകള്‍.

പച്ചക്കറി ഭക്ഷണം മാത്രം ഇഷ്ടപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. അതൊരു രാഷ്ട്രീയ പ്രഖ്യാപനവും അതല്ലാത്ത ഭക്ഷണം കഴിക്കുന്നവര്‍ ആക്രമിക്കപ്പെടേണ്ട നീച വര്‍ഗ്ഗവുമാണ് എന്ന് ധരിക്കുന്നവര്‍ ചുറ്റുമുണ്ടെങ്കില്‍ സൂക്ഷിക്കുക. അത് ഭീമാകാരം പൂണ്ട് രാഷ്ട്രീയ ഹിന്ദുത്വയായി നമ്മളെ ചവിട്ടിയരക്കും.

 

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.