ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ ദീപാവലിയ്ക്ക് ചാണകം കൊണ്ടുണ്ടാക്കിയ ചിരാതുകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനത്തെ 531 ഗോശാലകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് പദ്ധതി.
ചാണകം ശേഖരിച്ച് ഉണക്കി പൊടിച്ചാണ് ചിരാത് നിര്‍മ്മാണം. പശുക്ഷേമ കമ്മീഷന്‍ വഴിയായിരിക്കും ചാണക ചിരാതിന്റെ വില്‍പ്പന.
‘ഞങ്ങളുടെ പദ്ധതി നടന്നാല്‍ ഈ വര്‍ഷം മുഖ്യമന്ത്രി ആദിത്യനാഥ് ജിയ്ക്ക് ചാണക ചിരാതില്‍ ദീപാവലി ആഘോഷിക്കാം. ദീപോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവാദ് സര്‍വകലാശാലയുമായി സംസാരിച്ചിട്ടുണ്ട്’, ഗോസേവാ ആയോഗ് ഓഫീസര്‍ ഓം ഗംഗ്‌വാര്‍ പറഞ്ഞു.
മുതിര്‍ന്ന ബി.ജെ.പി നേതാവ് നന്ദന്‍ സിംഗ് അധ്യക്ഷനായ ഗോ സേവാ ആയോഗ് നേരത്തേയും ചാണകങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ജനകീയമാക്കണമെന്ന് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.
നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഗോസംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ 1955ലെ ഗോവധ നിരോധന നിയമപ്രകാരം നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ റഹ്മുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
‘നിരപരാധികളെ കുടുക്കാനും നിയമം ഉപയോഗിക്കപ്പെടുന്നുണ്ട്. എന്ത് മാംസം കിട്ടിയാലും യാതൊരു പരിശോധനയും കൂടാതെ അത് പശുവിറച്ചിയാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പല കേസുകളിലും ഇറച്ചി പരിശോധനയ്ക്കായി അയക്കപ്പെടുന്നില്ല. പലപ്പോഴും ഒരു തെറ്റും ചെയ്യാത്തവരുടെ കൈവശമുണ്ടായിരുന്നത് എന്താണെന്ന് പരിശോധിക്കപ്പെടാത്തത് കൊണ്ട് മാത്രം ഏഴ് വര്‍ഷത്തോളം ജയിലില്‍ കിടക്കും,’ കോടതി പറഞ്ഞു.
വഴിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ വീണ്ടെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
‘അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ വീണ്ടെടുക്കാന്‍ ഉത്തരവിടുന്നുണ്ടെങ്കിലും അത് കൃത്യമായി നടക്കുന്നില്ല. വീണ്ടെടുക്കുന്ന പശുക്കള്‍ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള കണക്കുമില്ല. പാല്‍ ചുരത്താത്തതും പ്രായം ചെന്നതുമായ പശുക്കളെ ഗോശാലകളില്‍ സംരക്ഷിക്കാത്തതിനാല്‍ ഇവ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്.
ഇവ ഓവുചാലിലെ മലിന ജലം കുടിക്കുകയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. മാത്രമല്ല, ട്രാഫിക്ക് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ മേച്ചില്‍ പുറങ്ങളൊന്നുമില്ലാത്തതിനാല്‍ ഇവ കൃഷി നശിപ്പിക്കുകയും ചെയ്യുന്നു,’ കോടതി നിരീക്ഷിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക