എട്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; യു.പിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു, മരണം 13 മണിക്കൂര്‍ നീണ്ട അലച്ചിലിനൊടുവില്‍
national news
എട്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; യു.പിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു, മരണം 13 മണിക്കൂര്‍ നീണ്ട അലച്ചിലിനൊടുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2020, 9:18 pm

നോയിഡ: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് യു.പിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു. എട്ട് ആശുപത്രികളെ സമീപിച്ചെങ്കിലും ആരും യുവതിയെ ചികിത്സിക്കാന്‍ തയ്യാറായില്ല. വിവിധ ആശുപത്രികളില്‍ ചികിത്സ തേടി 13 മണിക്കൂറോളം അലഞ്ഞതിന് ശേഷമാണ് യുവതി മരിച്ചത്.

30 കാരിയായ നീലം ആണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിക്ക് മുന്നില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു മരണം. ചികിത്സക്കായി യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയെയടക്കം സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

സംഭവത്തില്‍ ഗൗതദം ബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഭര്‍ത്താവായ വിജേന്ദര്‍ സിങും യുവതിക്കൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നു.

എട്ടാംമാസം വരെ ഖോദയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നീലത്തിനെ ചികിത്സിച്ചിരുന്നത്. പ്രസവത്തിനായി യുവതിയെ പ്രവേശിപ്പിക്കാന്‍ ഈ ആശുപത്രി അനുവദിക്കാത്തിനെത്തുടര്‍ന്നാണ് മറ്റ് ആശുപത്രികള്‍ തേടി അലഞ്ഞതെന്ന് വിജേന്ദര്‍ സിങ് പറഞ്ഞു.

‘ആദ്യം ഞങ്ങള്‍ ഇ.എസ്.ഐ ആശുപത്രിയിലെത്തി. ഇവിടെ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡി പി.ജി.ഐ ആശുപത്രി, ശര്‍ദ ആശുപത്രി എന്നിവിടങ്ങളിലും പോയി. പിന്നീട് നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിയെയും സമീപിച്ചു. ഇവിടെയൊന്നും ഞങ്ങളെ കയറ്റിയില്ല. അങ്ങനെ എട്ട് ആശുപത്രികളിലെത്തി. ആരും അവളെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല’ വിജേന്ദര്‍ പറഞ്ഞു.

‘അവസാനം അവള്‍ ആംബുലന്‍സില്‍ കിടന്ന് മരിച്ചു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെഡ് ഒഴിവില്ലെന്നാണ് ആശുപത്രികള്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും ഗൗതംബുദ്ധ് നഗറില്‍ സമാന രീതിയില്‍ ചികിത്സ ലഭിക്കാത്ത സംഭവമുണ്ടായിരുന്നു. മെയ് 25ന് നവജാത ശിശുവുമായി പിതാവ് നോയിഡയിലും ഗ്രേയ്റ്റര്‍ നോയിഡയിലും അലഞ്ഞെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക