|

യു.പിയെ ഏറ്റവും സമ്പന്നവും സാക്ഷരതയുള്ളതുമായ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് വീണ്ടും എത്തിക്കുകയാണ് ബി.ജെ.പിയുടെ അജണ്ട: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ ഒരിക്കല്‍ കൂടി ‘അഭിമാനിക്കാന്‍ സാധിക്കുന്ന സംസ്ഥാനമാക്കി’ മാറ്റുക എന്നതാണ് ബി.ജെ.പിയുടെ അജണ്ട എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ലഖ്നൗവില്‍ ബി.ജെ.പി രാജ്യസഭാംഗം സഞ്ജയ് സേത്ത് സംഘടിപ്പിച്ച എന്‍ലൈറ്റെന്‍ഡ് ക്ലാസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് ഷായുടെ പരാമര്‍ശം. ഉത്തര്‍പ്രദേശിനെ ഏറ്റവും സമ്പന്നവും സാക്ഷരതയുള്ളതുമായ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് വീണ്ടും എത്തിക്കുകയാണ് ബി.ജെ.പിയുടെ അജണ്ടയെന്നും ഷാ പറഞ്ഞു.

പ്രസംഗത്തിനിടയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കടന്നാക്രമിച്ച ഷാ രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രി തറക്കല്ലിട്ട ജലസേചനപദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചതെന്നും പറഞ്ഞു.

‘1961 ല്‍ ഈ ജലസേചനപദ്ധതിയുടെ ഭൂമിപൂജ നടത്തിയത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദിയാണ് അത് ഉദ്ഘാടനം ചെയ്തത്,’ അടുത്തിടെ ഉത്തര്‍പ്രദേശില്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജലസേചന പദ്ധതികള്‍ പരാമര്‍ശിച്ച് ഷാ പറഞ്ഞു.

‘പദ്ധതി പൂര്‍ത്തിയാക്കാന്‍ 59 വര്‍ഷമെടുത്തു. അത് എന്റെ പ്രായത്തെക്കാള്‍(57) കൂടുതലാണ്. അന്ന് തറക്കല്ലിട്ട പദ്ധതിയുടെ ശിലാസ്ഥാപനം പോലും നഷ്ടമായി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ഒരു കല്ല് സ്ഥാപിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു,’ ഷാ പറഞ്ഞു.

ജാതിയുടെയും വംശത്തിന്റേയും പേരില്‍ ഭരിക്കുന്ന സര്‍ക്കാരിന് ഉത്തര്‍പ്രദേശില്‍ നന്മ ചെയ്യാനാവില്ലെന്നും ഷാ പറഞ്ഞു.

നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രശംസിച്ച ഷാ ബി.ജെ.പി ഭരണത്തിന്‍കീഴില്‍ ക്രമസമാധാനം പുരോഗമിച്ചുവെന്നും അതിന്റെ ഫലമായി അസം ഖാന്‍, അത്തീഫ് അഹമ്മദ്, മുക്താര്‍ അന്‍സാരി എന്നിവര്‍ 15 വര്‍ഷത്തിന് ശേഷം ഒരേ സമയം ജയിലിലായെന്നും കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രീയത്തിലെ ക്രിമനില്‍വല്‍ക്കരണവും ഭരണത്തിലെ രാഷ്ട്രീയവല്‍ക്കരണവും ബി.ജെ.പി അവസാനിപ്പിച്ചു. ഇന്ന് ഭരണഘടനയ്ക്കും നിയമത്തിനും അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നത്. അവസാന അഞ്ച് വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും പുരോഗമിച്ചു,’ ഷാ പറഞ്ഞു.

അഖിലേഷ് യാദവ് സൈഫയിലും ലഖ്നൗവിലും 24 മണിക്കൂര്‍ വൈദ്യുതി നല്‍കിയിരുന്നു, എന്നാല്‍ യോഗി സര്‍ക്കാര്‍ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആവശ്യത്തിന് വൈദ്യുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാമജന്മഭൂമി വിവാദം, കാശി വിശ്വനാഥ ക്ഷേത്രം, മാവിന്ധ്യവാസിനി ക്ഷേത്രം എന്നിങ്ങനെ മൂന്ന് വലിയ പ്രശ്നങ്ങള്‍ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ പരിഹരിച്ചുവെന്നും ഷാ പറഞ്ഞു.


Content Highlight: up-polls-at-up-election-rally-amit-shahs-dig-at-nehru-over-long-pending-projects