| Monday, 10th August 2020, 3:34 pm

യു.പി രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി പരശുരാമന്‍; ബ്രാഹ്മിണ്‍ പ്രീതിക്കായി കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും; ബി.ജെ.പി കോട്ട ഇളകുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് തന്ത്രങ്ങള്‍ മെനയാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്കായ ബ്രാഹ്മിണ്‍ വോട്ടുകള്‍ താന്താങ്കളുട പാളയത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.

ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കായ ബ്രാഹ്മിണ്‍ സമുദായത്തില്‍ വിള്ളലുകള്‍ വരുത്താനാണ് നീക്കങ്ങള്‍. ബ്രാഹ്മിണ്‍, ക്ഷത്രിയ വോട്ടുബാങ്കുകളെ കേന്ദ്രീകരിച്ച് മായാവതിയും അഖിലേഷ് യാദവും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിഷ്ണുവിന്റെ ആറാം അവതാരമായി കണക്കാക്കപ്പെടുന്ന പരുശുരാമനെ തെരഞ്ഞെടുപ്പിന്റെ അച്ചുതണ്ടാക്കി മാറ്റാനാണ് ശ്രമങ്ങളേറെയും.

അധോലോക നായകനായിരുന്ന വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തെത്തുടര്‍ന്ന് ബ്രാഹ്മിണ്‍ സമുദായം സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ ബ്രാഹ്മണര്‍ക്കുനേരെ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.

ബ്രാഹ്മിണ്‍ ചേത്‌ന പരിഷത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദാണ് ഈ വികാരത്തിന് തിരികൊളുത്തിയിരിക്കുന്നത്. തുടര്‍ന്ന് എസ്.പി ഇത് ഏറ്റെടുക്കുകയും ചെയ്തു.

തലസ്ഥാന നഗരമായ ലക്‌നൗവില്‍ പരശുരാമന്റെ 108 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനാണ് എസ്.പിയുടെ തീരുമാനം. ബ്രാഹ്മിണ്‍ സമുദായത്തെ സന്തോഷിപ്പിക്കാനാണിത്. ബ്രാഹ്മിണ നേതാവായ അഭിഷേക് മിശ്രയെ കൂടെച്ചേര്‍ത്ത് നീങ്ങാനാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്.പിയുടെ ശ്രമം.

ഇതിന് പിന്നാലെ മായാവതിയുടെ ബി.എസ്.പിയും അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. പാര്‍ട്ടി അധികാരത്തിലേറിയാല്‍ ബ്രാഹ്മിണ്‍ ഇതിഹാസ നായകരുടെ പേരില്‍ സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി സമുച്ചയം നിര്‍മ്മിക്കുമെന്ന് ബി.എസ്.പി പ്രഖ്യാപിച്ചു കഴിഞ്ഞു.

എസ്.പിയുടെയും ബി.എസ്.പിയുടെയും പെട്ടെന്നുള്ള പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ‘പരശുരാമന്‍ സനാതന മതം പിന്തുടരുന്ന എല്ലാവരുടെയും സ്വന്തമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എഴുന്നൂറോളം ബ്രാഹ്മണരുടെ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. സര്‍ക്കാരിന്റെ ഒത്താശയില്ലാതെ ഇത് സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ? കുടുംബങ്ങളെ ജീവനോടെ കത്തിച്ചു. അപ്പോള്‍ ബി.ജെ.പിയും എസ്.പിയും എവിടെയായിരുന്നു?’, കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവാസ്തി ചോദിച്ചു.

എസ്.പി ഇപ്പോള്‍ പരശുരാമനെ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ എസ്.പി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ബ്രാഹ്മണികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ ഓര്‍മ്മയില്ലേ? എസ്.പിയുടെയും ബി.ജെ.പിയുടെയും ഭരണകാലഘട്ടങ്ങളിലാണ് അവര്‍ ഏറ്റവുമധികം സഹനങ്ങള്‍ നേരിട്ടത്. മത,ജാതി, വിഭാഗ വൈവിധ്യങ്ങളെ എപ്പോഴും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് ബ്രാഹ്മിണോ, ദളിതോ, മുസ്‌ലിമോ ആവാം. ആറ് ബ്രാഹ്മിണ്‍ മുഖ്യമന്ത്രിമാരെ നിര്‍മ്മിച്ചെടുത്തതും കോണ്‍ഗ്രസാണ്. ഇപ്പോള്‍ ബ്രാഹ്മണര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് തെരുവിലിറങ്ങുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു. മറ്റ് പാര്‍ട്ടിക്കാര്‍ എന്തോ ചെയ്യുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും അന്‍ഷു അവാസ്തി പറഞ്ഞു.

പരശുരാമന്റെ പ്രതിമ നിര്‍മ്മിക്കാന്‍ പല ശില്‍പികളെയും എസ്.പി ഇതിനോടകം സമീപിച്ചിട്ടുണ്ട്. പരശുറാം ചേത്‌ന പീത് ട്രസ്റ്റിന്റെ നേതൃത്വത്തില്ഡ പണപ്പിരിവ് നടത്താനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.

ഈ നീക്കത്തെ ചെറുക്കാന്‍ ബി.എസ്.പി രംഗത്തെത്തിയിട്ടുമുണ്ട്. എസ്.പിയുടെ പരശുരാമന്‍ സ്‌നേഹം വ്യാജമാണെന്നും എന്തുകൊണ്ടാണ് നേരത്തെ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ എസ്.പി പരശുരാമന് പ്രതിമ തയ്യാറാക്കാത്തെന്നും മായാവതി കഴിഞ്ഞ ദിവസം പറഞ്ഞു.

ബി.ജെ.പിയും എസ്.പിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നു. ‘എസ്.പിയുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നത്. ഒരു വശത്ത് അവര്‍ ബാബറിയില്‍ പള്ളി നിര്‍മ്മിക്കുമെന്നും മറുവശത്ത് പരശുരാമന് പ്രതിമ നിര്‍മ്മിക്കുമെന്നും പറയുന്നു. സര്‍ക്കാരിന്റെ ഭരണത്തിലും ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളിലും ബ്രാഹ്മിണര്‍ക്ക് അതൃപ്തികളൊന്നുമില്ല’, ബി.ജെ.പി നേതാവ് ലക്ഷ്മികാന്ത് ബാജ്‌പേയി അവകാശപ്പെട്ടു.

ഇതിന് മറുപടിയുമായി എസ്.പിയും എത്തിയിട്ടുണ്ട്. എസ്.പിയുടെ പ്രതിമ നിര്‍മ്മാണത്തോട് ബി.ജെ.പിക്ക് അത്ര പ്രശ്‌നമുണ്ടെങ്കില്‍ അതിലും വലിയ മറ്റൊരു പ്രതിമ അവര്‍ നിര്‍മ്മിക്കട്ടെന്നാണ് എസ്.പി നേതാവ് അഭിഷേക് മിശ്ര തിരിച്ചടിച്ചത്. വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമനെ ബി.ജെ.പി അവഗണിക്കുകയാണ്. പരശുരാമന്‍ ജയന്തി ആഘോഷങ്ങള്‍പോലും അവര്‍ ഒഴിവാക്കി. ദൈവത്തിന്റെ പട്ടികയില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കി മഹാന്മാരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: UP Politics Parties Try to Woo Brahmin Voters Ahead of 2022 Polls

We use cookies to give you the best possible experience. Learn more