രോഹിത് വെമുല, കനയ്യകുമാര്‍ സംഭവങ്ങളില്‍ രാഹുല്‍ഗാന്ധിയെയും അരവിന്ദ് കെജ്രിവാളിനെയും പോലുള്ള നേതാക്കന്മാര്‍ ഹൈദരാബാദിലേക്കും ജെ.എന്‍.യുവിലേക്കും തിരിച്ചപ്പോള്‍ മായാവതി പ്രത്യക്ഷമായി തന്നെ വിട്ടുനിന്നു.
ഒപ്പീനിയന്‍/വൈ.എസ് അലോണ്‍
2007ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പഴയ സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷമായിരുന്നു അന്ന് അവര്‍. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി മായാവതി നാലാം തവണയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിരിക്കുന്നു. അതും മുമ്പെങ്ങും ഒരു ദളിത് പാര്‍ട്ടിക്കും ലഭിക്കാത്തത്ര ഭൂരിപക്ഷത്തില്‍.
1939ല്‍ ഇന്റിപ്പെന്റന്റ് ലേബര്‍ പാര്‍ട്ടി സ്ഥാപിച്ചുകൊണ്ട് ഡോ. ബി.ആര്‍ അംബേദ്കര്‍ സ്വപ്‌നം കണ്ട സ്വയം പര്യാപ്ത ദളിത് രാഷ്ട്രീയം യാഥാര്‍ത്ഥ്യമായതുപോലെയായിരുന്നു അത്. മായാവതിയുടെ ഉദയം ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ സ്ഥാപകനായ കാന്‍ഷി റാമിന്റെ കാഴ്ചപ്പാടുകളുടെയും വിജയമായി ആഘോഷിക്കപ്പെട്ടു.
മായാവതിയുടെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായമായ ഒരു ശക്തിയായാണ് തോന്നിയത്. രാജ്യമെമ്പാടുമുള്ള ദളിതര്‍ക്കിടയില്‍ ഇത് വലിയ അഭിമാനവും ആവേശവും പകര്‍ന്നു. അവര്‍ക്കിടയില്‍ മായാവതിയോട് വലിയൊരു ആദരവ് രൂപപ്പെട്ടു. മറുഭാഗത്ത് ഉരുക്കു വനിതയെന്ന പരിവേഷം കൂടുതല്‍ ഉറപ്പിക്കപ്പെട്ടു. മായാവതിയെ കഴിവുറ്റ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ നിരീക്ഷകരും മറ്റു രാഷ്ട്രീയപാര്‍ട്ടികളും കണ്ടു.
2007ല്‍ ടൈം മാഗസിന്‍ പുറത്തുവിട്ട ഇന്ത്യന്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 15 വ്യക്തികളുടെ ലിസ്റ്റില്‍ അവരും ഇടംനേടിയിരുന്നു. ന്യൂസ് വീക്കിന്റെ മികച്ച വനിതാ അച്ചീവേഴ്‌സും അവരായിരുന്നു.
2008ല്‍ ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഗണത്തില്‍ ആംഗേല മെര്‍ക്കലിനും സോണിയ ഗാന്ധിക്കുമൊപ്പം മായാവതിയും ഇടമുറപ്പിച്ചു. “തടയാനാവാത്തത്” എന്നാണ് ദ ഇന്റിപ്പെന്റന്റ് ലണ്ടന്‍ അവരെ വിശേഷിപ്പിച്ചത്.
പത്തുവര്‍ഷത്തിനുള്ളില്‍ ഈ വിശേഷണങ്ങളെല്ലാം ഏതാണ്ട് മുഴുവനായി കീഴ്‌മേല്‍ മറിഞ്ഞു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടി തകര്‍ന്നു. ഇപ്പോള്‍ യു.പി നിയമസഭയിലെ 403 സീറ്റുകളില്‍ ബി.എസ്.പിക്ക് വെറും 19 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. 2007ലെ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയ 206 സീറ്റുകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് അവരുടെ വീഴ്ച എത്രത്തോളം വലുതാണെന്ന് മനസിലാവുക.
മായാവതിയെ പൂര്‍ണ ദുരന്തമായി കണക്കാക്കണോയെന്നതാണ് ചോദ്യം. അവരുടെ തകര്‍ച്ച ദളിത് രാഷ്ട്രീയത്തിനു കുറേക്കൂടി വലിയ ദുരന്തത്തിന്റെ സൂചനയാണ്.
മായാവതി പാരമ്പര്യം അവകാശപ്പെടുന്ന സ്വതന്ത്ര ദളിത് രാഷ്ട്രീയം 1919കളോടെ തന്നെ രൂപപ്പെടുന്നുണ്ട്. ജനസംഖ്യാനുസൃതമായി അസ്പൃശ്യര്‍ക്ക് തെരഞ്ഞെടുപ്പ് പ്രാതിനിധ്യം എന്ന അംബേദ്കറുടെ ആശയത്തില്‍ അധിഷ്ഠിതമായിരുന്നു അത്. മഹാത്മാഗാന്ധിയുടെ എതിര്‍പ്പിലും ദളിതരെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റാനാണ് തുടര്‍ന്നുള്ള 17 വര്‍ഷക്കാലം അംബ്ദേകര്‍ ശ്രമിച്ചത്.
1931ല്‍ ലണ്ടനില്‍വെച്ച് അദ്ദേഹം ഈ വിഷയത്തില്‍ ഗാന്ധിയുമായി ഏറ്റുമുട്ടി. 1932ല്‍ സംവരണ മണ്ഡലങ്ങള്‍ വഴി അംബ്ദേകര്‍ തെരഞ്ഞെടുപ്പു പ്രാതിനിധ്യം നേടിയപ്പോള്‍ പൂനെ യര്‍വാദ ജയിലില്‍ മരണം വരെ നിരാഹാര സമരം നടത്തി ഗാന്ധി അതിനെ എതിര്‍ത്തു.
1950ല്‍ നെഹ്‌റുവിനൊപ്പം പ്രവര്‍ത്തിച്ച അംബേദ്കര്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നിയമമന്ത്രിയായി ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്താനായി പ്രവര്‍ത്തിച്ചു. പ്രത്യേക സമ്മതിദായകര്‍ എന്നതുമാറ്റി എല്ലാ ഹിന്ദുക്കളും നിയമസഭയിലേക്ക് ഒരു ദളിത് പ്രതിനിധിയ്ക്കുവേണ്ടി വോട്ടു ചെയ്യുക എന്നരീതിയിലേക്കു ദളിത് പ്രാതിനിധ്യത്തെ മാറ്റുന്നതില്‍ ഗാന്ധിജി വിജയിച്ചു.
1932 സെപ്റ്റംബര്‍ 24ന് ഒപ്പുവെച്ച പൂനെ ആക്ടിലൂടെ ഇത് നിയമവിധേയമാക്കി. അതുവഴി ഒാരോ സംവരണമണ്ഡലത്തിലെയും ദളിത് നിയമസഭാംഗം ആ മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരാലും തെരഞ്ഞെടുക്കപ്പെട്ടു. 1937ലെ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് അംബേദ്കര്‍ ഐ.എല്‍.പി രൂപീകരിക്കുകയും ബോംബെ പ്രവിശ്യയില്‍ അവര്‍ മത്സരിച്ച 17 സീറ്റുകളില്‍ 15 സീറ്റുകളും നേടുകയും ചെയ്തു. 1937ല്‍ വന്ന ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ദളിത് നിയമസഭാംഗം അംബേദ്കറുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു.
ദശാബ്ദങ്ങള്‍ക്കിപ്പുറം കാന്‍ഷി റാം മുന്നോട്ടുവെച്ച ദളിത് ബഹുജന്‍ രാഷ്ട്രീയത്തെ പോലെ വ്യവസായിക, കാര്‍ഷിക വൃത്തികള്‍ എന്നിവയില്‍ അധിഷ്ഠിതമായിരുന്നു 1937ലെ അംബേദ്കറുടെ രാഷ്ട്രീയവും. സമരരാഷ്ട്രീയത്തില്‍ അംബേദ്കര്‍ വ്യാപൃതനായി. 1937ല്‍ സമീന്താരി അബോളിഷന്‍ ബില്ലിനുവേണ്ടി കൊങ്കണില്‍ അദ്ദേഹം 20,000 കര്‍ഷകരെ അണിനിരത്തി. വ്യാവസായിക തര്‍ക്ക നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് 1938ല്‍ ബോംബെ ഇന്റസ്ട്രിയല്‍ മില്ലിനെതിരെ വലിയൊരു സമരം സംഘടിപ്പിച്ചു. ദളിതരുടെ പരമ്പരാഗത ഗ്രാമീണ അടിമത്തമായ മഹാര്‍ വതന്‍ നിരോധിക്കുവാനായി അദ്ദേഹം പോരാടി.
ദളിതര്‍ രാഷ്ട്രീയമായി ബോധവാന്മാരായി എന്നു തിരിച്ചറിഞ്ഞ അംബേദ്കര്‍ 1942ല്‍ ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് രൂപംകൊടുത്തു. ഇത് അസ്പൃശ്യര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ എന്ന ലക്ഷ്യത്തിനുവേണ്ടി നിലകൊണ്ടു. പില്‍ക്കാലങ്ങളില്‍ ബി.എസ്.പി അവകാശവാദമുന്നയിച്ച ആന യഥാര്‍ത്ഥത്തില്‍ എ.ഐ.എസ്.സി.എഫിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായിരുന്നു.
കമ്മ്യൂണിസ്റ്റുകളുമായോ കര്‍ഷകരുമായോ വര്‍ക്കിങ് പാര്‍ട്ടിയുമായോ തെരഞ്ഞെടുപ്പു സഖ്യത്തിന് അംബേദ്കര്‍ ഒരുഘട്ടത്തിലും ഒരുങ്ങിയിരുന്നില്ല. 1993ലെ യു.പി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ഐക്യപ്പെട്ടു കാന്‍ഷി റാം ചെയ്തതുപോലെ അദ്ദേഹം സോഷ്യലിസ്റ്റുകളുമായി കൈകോര്‍ത്തു. ഇന്നത്തെ ബി.ജെ.പിയുടെ ആശയപരമായ പിതാക്കന്മാരായ ആര്‍.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടെയും കടുത്ത വിമര്‍ശകനായിരുന്നു അംബേദ്കര്‍. പിന്തിരിപ്പന്‍സംഘടനകള്‍ എന്നാണ് അവയെ അദ്ദേഹം വിളിച്ചത്.
1946ലെ തെരഞ്ഞെടുപ്പിലും സ്വതന്ത്ര ഇന്ത്യയില്‍ 1951ലെ തെരഞ്ഞെടുപ്പിലും എ.ഐ.എസ്.സി.എഫ് മത്സരിച്ചിരുന്നെങ്കിലും അത് പരാജയമായിരുന്നു. അംബേദ്കറെ നിയമസഭയിലേക്ക് അയക്കാന്‍ മാത്രമുള്ള സീറ്റൊന്നും 1946ല്‍ അവര്‍ക്കു നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍വേണ്ടി അധികാരത്തിലെത്തിയ കോണ്‍ഗ്രസുമായി വിലപേശാനുള്ള ഒന്നായി അദ്ദേഹം ഈ സീറ്റിനെ ഉപയോഗിച്ചു. ദളിതരുടെയു പിന്നോക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്താനും അദ്ദേഹം നെഹ്‌റു സര്‍ക്കാറിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു.
ബി.എസ്.പിയിലൂടെ അഞ്ചുദശാബ്ദങ്ങള്‍ക്കുശേഷം കാന്‍ഷി റാമും മായാവതിയും നേടിയ അത്ര ഉയരത്തിലെത്താന്‍ അംബേദ്കറുടെ എ.ഐ.എസ്.സി.എഫിനു കഴിഞ്ഞിരുന്നില്ല. ഇതിനു പുറമേ ദളിത് ചിന്തകളെ സ്വാംശീകരിക്കാനും സ്വയം ഒരു രാഷ്ട്രീയപാര്‍ട്ടിയായി സംഘടിച്ച് രാഷ്ട്രീയ അധികാരം നേടാന്‍ അവരെ പ്രേരിപ്പിക്കുന്നതിലും അദ്ദേഹം വലിയ അളവില്‍ വിജയിച്ചിരുന്നു.
1950നുശേഷം ജനാധിപത്യത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശം വന്നതോടെ അവര്‍ എണ്ണമറ്റ ശക്തികളായിമാറി. മരിക്കുന്നതിനു മുമ്പ് 1957ല്‍ അംബേദ്കര്‍ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് രൂപം നല്‍കി. ദളിതരെ ഐക്യപ്പെടുത്താനുള്ള ശ്രമം ആര്‍.പി.ഐ നടത്തിയിരുന്നു. മഹാരാഷ്ട്ര, യു.പി, ആന്ധ്ര എന്നിവടങ്ങളില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇവര്‍ക്ക് നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ചില സീറ്റുകള്‍ നേടാനും കഴിഞ്ഞിരുന്നു.
എന്നിരുന്നാലും ദളിതരില്‍ വലിയൊരു വിഭാഗവും കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ 1970കളുടെ അവസാനത്തോടെ ആര്‍.പി.ഐ പല പാര്‍ട്ടികളായി വിഭജിക്കപ്പെട്ടു. 1978ല്‍ കാന്‍ഷി റാം ഓള്‍ ഇന്ത്യ ബാക് വേര്‍ഡ് ആന്റ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന് രൂപംകൊടുത്തത് ആര്‍.പി.ഐയുടെ പരാജയങ്ങളില്‍ നിന്നും പോരായ്മകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരുന്നു.
ആര്‍.പി.ഐ ഛിന്നഭിന്നമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ശൂന്യത രൂപപ്പെട്ടു. ഈ ഘട്ടത്തിലാണ് ബി.എ.എം.സി.ഇ.എഫ്് ആ ശൂന്യത നികത്താനെത്തുന്നത്. ഒരു റാഡിക്കലായ സാമൂഹ്യ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ഫുലേ-അംബേദ്കറൈറ്റ് ബോധം സൃഷ്ടിക്കുന്നതില്‍ വ്യാപൃതരായിരുന്നു ബി.എ.എം.സി.ഇ.എഫ്. കാന്‍ഷി റാം ഒരു സംഘാടകനായിരുന്നു. മുഴുവന്‍ ദളിത് ബജുജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഒരു ആശയപരമായ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ദളിതരും പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളുമടങ്ങുന്ന 85% ഇന്ത്യന്‍ ജനസംഖ്യയെ ശേഷിക്കുന്ന 15 വരുന്ന മേല്‍ജാതിക്കെതിരെ ഒരു കുടക്കീഴില്‍ നിര്‍ത്തുകയെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്.
കാന്‍ഷിറാം രൂപംകൊടുത്ത ബി.എ.എം.സി.ഇ.എഫ് പിന്നീട് ഡി.എസ്.ഫോര്‍ (ദളിത് ശോഷിത് സമാജ് സംഘര്‍ഷ സമിതി) ആരംഭിക്കുകയും പിന്നീട് 1984ല്‍ ബി.എസ്.പി ആരംഭിച്ചുകൊണ്ട് പൊതുരാഷ്ട്രീയരംഗത്തിലേക്കു നീങ്ങുകയും ചെയ്തു. ജാതിശ്രേണികളില്‍ അധിഷ്ഠിതമായ എല്ലാ പരമ്പരാഗത പാര്‍ട്ടികള്‍ക്കും ഇത്തരമൊരു രാഷ്ട്രീയ കക്ഷി വലിയ വെല്ലുവിളിയായിരുന്നു. ഇത്തരം പാര്‍ട്ടികളെ തകര്‍ത്തുകൊണ്ട് 1995ല്‍ ബി.എസ്.പി മായാവതിയെ യു.പിയിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാക്കി. അന്ന് കാന്‍ഷി റാമിന് 61ഉം മായാവതിക്ക് 39ഉം വയസായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ ബി.എസ്.പി സോഷ്യലിസ്റ്റുകളായ എസ്.പിയെ കെണിയിലാക്കി ബി.ജെ.പി പിന്തുണ സ്വീകരിച്ച് മൂന്നു തവണ ഈ പരീക്ഷണം ആവര്‍ത്തിച്ചു.
കാന്‍ഷി റാം അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ 1989ല്‍ 9.4%വോട്ടുകളുണ്ടായിരുന്ന ബി.എസ്.പിയെ 2002 ആകുമ്പോഴേക്കും 23% വോട്ട് എന്നനിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. ഇന്ത്യയിലെമ്പാടും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ കാമ്പെയന്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ ലഭിച്ചതു മുതല്‍ ചില പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാതെ കിടക്കുകയായിരുന്നു. അവരുടെ വിശ്വാസം ബി.എസ്.പി നേടിയെടുക്കുകയും കോണ്‍ഗ്രസിന്റെ നനാവര്‍ണ വലയത്തില്‍ നിന്നും ദളിതരെയും എം.ബി.സിികളെയും അവരിലേക്കു ആകര്‍ഷിക്കുകയും ചെയ്തു.
1991ലെ ബി.ജെ.പിയുടെ മന്ദിര ബഹളത്തിനെതിരെയുള്ള പടയൊരുക്കത്തിനുള്ള നിര്‍ണായകമായ ഉപകരണമായിരുന്നു ബി.എസ്.പിക്ക് മണ്ഡല്‍ കമ്മീഷന്‍. 2006ല്‍ കാന്‍ഷി റാം മരിച്ചശേഷം 2007ല്‍ 30.43% വോട്ടുകളുമായി 206 സീറ്റിന്റെ ഭൂരിപക്ഷത്തോടെ മായാവതി കേവലഭൂരിപക്ഷം നേടിയപ്പോള്‍ കാന്‍ഷി റാം അദ്ദേഹത്തിന്റെ ജീവിതകാലം നടത്തിയ നീണ്ട കാമ്പെയ്‌ന്റെ പരിസമാപ്തിയായിരുന്നു അത്.
ബി.എസ്.പി അധികാരത്തിലെത്തിയത് ദളിതരിലും പിന്നോക്ക വിഭാഗങ്ങളിലും വലിയ പ്രതീക്ഷയായിരുന്നു. ഒടുക്കം അവര്‍ക്ക് അവരുടെ രാഷ്ട്രീയ ക്ഷമത തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ചൂളയില്‍ രൂപപ്പെട്ടുവന്ന ബി.എസ്.പി അതിന്റെ ലക്ഷ്യം നേടാനാവുമെന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു വിജയം വ്യത്യസ്തമായൊരു ഊര്‍ജമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയത്. ബി.എസ്.പിയുടെ നേതൃത്വത്തിലുള്‍പ്പെടെ ഇത് പുതിയൊരു പെരുമാറ്റ രീതി കൊണ്ടുവന്നു.
പതുക്കെ ദളിത് ബഹുജന മുന്നേറ്റം മായാവതിക്ക് അധികാരം ആവശ്യപ്പെടാനും നിലനിര്‍ത്താനുമുള്ള ഉപകരണം മാത്രമായി. ബൃഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ തന്ത്രങ്ങള്‍ ഉപയോഗിച്ച ദളിത് ബഹുജന മുന്നേറ്റത്തിന്റെ അണിയറക്കാരനായിരുന്നു കാന്‍ഷിറാം. എന്നാല്‍ മായാവതി വെറും വോട്ട് ദാഹിമാത്രമായി. കാന്‍ഷിറാമും അംബേദ്കറും കെട്ടിപ്പടുത്തുയര്‍ത്തിയ വിമോചനപരമായ അന്തരീക്ഷത്തെ അവരുടെ രാഷ്ട്രീയം പതിയെ തകര്‍ത്തുകളഞ്ഞു.
ഒരു സംഘടനയെന്ന എന്ന നിലയില്‍ അണികള്‍ക്കിടയില്‍ ശക്തമായൊരു സാന്നിധ്യമായി ബി.എസ്.പി അതിജീവിച്ചു. എന്നാല്‍ ആഭ്യന്തര അഭിപ്രായ ഭിന്നതകളെ ചെവിക്കൊള്ളാത്ത നിലപാടായിരുന്നു നേതൃത്വവും അണികളും സ്വീകരിച്ചത്. ഒരു പൊതുസമ്പര്‍ക്ക പരിപാടിയോ മെമ്പര്‍ഷിപ്പ് റിക്രൂട്ട്‌മെന്റ് പദ്ധതിയോ ഉണ്ടായില്ല. സംഘടനയെ രൂപപ്പെടുത്തുന്നതിന് യാതൊരു പ്രാധാന്യവും നല്‍കിയില്ല. ഒരു സജീവ രാഷ്ട്രീയ പാര്‍ട്ടിയെന്ന ആവശ്യത്തെ എളുപ്പം സാധിച്ചുകൊടുക്കാന്‍ കഴിയുന്നൊരു ഘട്ടത്തില്‍ പോലും അടിസ്ഥാനതലത്തിലുള്ള ആശയവിനിമയം തുടങ്ങുന്നതിനു പകരം നേതൃത്വം ചത്തുകിടക്കുകയാണ് ചെയ്തത്.
മായാവതിയുടെ ഉദ്യാനങ്ങളും പ്രതിമകളും പ്രതിപക്ഷത്തിന് അവരെ വിമര്‍ശിക്കാന്‍ അന്തമില്ലാത്ത അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുത്തു. സാംസ്‌കാരിക സംവാദങ്ങള്‍ക്കും വിവരണങ്ങള്‍ക്കും പുതിയൊരു ആള്‍ട്ടര്‍നേറ്റീവ് സൃഷ്ടിക്കുന്ന എന്ന ലക്ഷ്യമിട്ടായിരുന്നു യഥാര്‍ത്ഥത്തില്‍ പാര്‍ക്കുകളും പ്രതിമകളും കൊണ്ടുവന്നത്. (ഉദാഹരണത്തിന് സര്‍ദാര്‍ പട്ടേലിന്റെയും ശിവജിയുടെയും സ്മാരകമായി നിര്‍മ്മിച്ച പ്രതിമകള്‍ മായാവതിയുടെ പ്രതിമയുടെ ബജറ്റിനേക്കാള്‍ അഞ്ചിരട്ടിയോളം ചിലവഴിച്ചാണുണ്ടാക്കിയത്.)
ജനങ്ങളുമായി സംവദിക്കേണ്ടതില്ലെന്നാണ് മായാവതി കരുതിയിരുന്നതെന്നതിനാല്‍ നിലവില്‍ തന്നെ ജാതിനിറമുള്ള മായാവതിക്കെതിരെയുള്ള പൊതുധാരണ വളര്‍ന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പിലെ വന്‍പരാജയമായിരുന്നു ഇതിന്റെ ഫലം. വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി.എസ്.പി നേരിട്ട തകര്‍ച്ച ഞെട്ടിക്കുന്നതായിരുന്നു. ദല്‍ഹിയില്‍ 14.05ല്‍ നിന്നും 1.3% ആയി. ഹരിയാനയില്‍ 6.73ല്‍ നിന്നും 4.37 ആയി. പഞ്ചാബില്‍ 16.32ല്‍ നിന്നും 1.5 ആയി. ബീഹാറില്‍ 4.41ല്‍ നിന്നും 2.07. രാജസ്ഥാനില്‍ 7.6ല്‍ നിന്നും 3.37 ആയി. ഹിമാചലില്‍ 7.26ല്‍ നിന്നും 1.71ഉം മധ്യപ്രദേശില്‍ 8.97ല്‍ നിന്നും 6.29ഉം ഉത്തരാഖണ്ഡില്‍ 12.19ല്‍ നിന്നും ഏഴും ആയി കുറഞ്ഞു.
ഈ സംസ്ഥാനങ്ങളിലുള്ള എം.എല്‍.എമാരുടെ എണ്ണവും ക്രമാതീതമായി ഇടിഞ്ഞു. പരാജയം കാന്‍ഷി റാമിന്റെ കാഴ്ചപ്പാടിലുള്ള ദളിത് ബഹുജന്റേതായിരുന്നില്ല. മറിച്ച് മായാവതിയുടെ വ്യക്തിത്വത്തിന്റെയും തെറ്റായ രാഷ്ട്രീയത്തിന്റേതുമായിരുന്നു. ദളിത് ബുദ്ധിജീവികളില്‍ നിന്നും സ്വയം പൂര്‍ണമായി അവര്‍ വിട്ടുനിന്നു. മാധ്യമങ്ങളുമായി സംവദിക്കുന്നതിലോ ദളിത് ബഹുജന്‍ ആക്ടിവിസ്റ്റുകളുമായി ഇടപെടുന്നതിലോ അവര്‍ വിശ്വസിച്ചില്ല. കാന്‍ഷി റാമിനെപ്പോലെ വെടിപ്പുള്ള മറ്റൊരു നേതാവ് യഥാര്‍ത്ഥത്തില്‍ ബി.എസ്.പിയില്‍ ഉണ്ടായിരുന്നില്ല.
2007-2017 കാലഘട്ടത്തില്‍ മുന്നേറ്റത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം മായാവതി വരുന്ന തെരഞ്ഞെടുപ്പിനുവേണ്ടി കാത്തിരിക്കുന്നതിന്റെ തിരക്കിലായിരുന്നു. അതും ദളിത് യുവാക്കള്‍ക്കിടയിലെ രാഷ്ട്രീയ ബോധം പുതിയ ഉയരങ്ങളിലെത്തുന്ന ഒരു സമയത്ത്. ദളിത് പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സ്വയം രൂപപ്പെട്ട പൊതുമുന്നേറ്റങ്ങളില്‍ അവര്‍ ഒരിക്കലും പങ്കുചേര്‍ന്നുമില്ല. അതുവഴി കാലഘട്ടത്തോട് വിമര്‍ശനാത്മകമായി സംവദിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.
ക്യാമ്പസുകളിലും തെരുവുകളിലുമൊക്കെ അരങ്ങേറിയ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്താന്‍ അവര്‍ സ്വയം ഒരുങ്ങിയിരുന്നെങ്കില്‍ അവരുടെ സാന്നിധ്യം ആ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരുമായിരുന്നു. എന്നാല്‍ ഇതിനു വിപരീതമാണ് സംഭവിച്ചത്. രോഹിത് വെമുല, കനയ്യകുമാര്‍ സംഭവങ്ങളില്‍ രാഹുല്‍ഗാന്ധിയെയും അരവിന്ദ് കെജ്രിവാളിനെയും പോലുള്ള നേതാക്കന്മാര്‍ ഹൈദരാബാദിലേക്കും ജെ.എന്‍.യുവിലേക്കും തിരിച്ചപ്പോള്‍ മായാവതി പ്രത്യക്ഷമായി തന്നെ വിട്ടുനിന്നു.
ഉന സംഭവത്തെ സ്പര്‍ശിച്ചെങ്കിലും അവര്‍ പ്രദേശം സന്ദര്‍ശിക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ പ്രക്ഷോഭം നയിക്കുകയോ ചെയ്തില്ല. ദളിത് ഐക്യവും മാര്‍ച്ചും ശക്തിപ്പെട്ട ഒരു ഘട്ടത്തിലാണ് ഇത്തരമൊരു വിട്ടുനില്‍ക്കലെന്ന് ഓര്‍ക്കണം. യുവ ആക്ടിവിസ്റ്റുകള്‍ ഈ സംഭവങ്ങളെ ദേശീയതലത്തിലുള്ള ഒരു ദളിത് മുന്നേറ്റമായി രൂപപ്പെടുത്താന്‍ ശ്രമിച്ച വേളയില്‍ ആ ശ്രമത്തെ ശക്തിപ്പെടുത്തുന്ന തരത്തില്‍ ഒരു സഖ്യമുണ്ടാക്കാനോ ഐക്യപ്പെടാനോ ഉള്ള ശ്രമങ്ങള്‍ ബി.എസ്.പിയില്‍ നിന്നുമുണ്ടായില്ല. അവര്‍ വെറുതെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു വരാനായി കാത്തിരിക്കുക മാത്രമാണ് ചെയ്തത്.
ഇതാണ് കാന്‍ഷി റാമുമായി അവരെ താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് വ്യക്തമാകുന്നത്. ഒരാള്‍ പൊതുപ്രക്ഷോഭത്തിന്റെ നേതാവായിരുന്നു. എന്നാല്‍ മറ്റെയാള്‍ അടിസ്ഥാനതലത്തില്‍ യാതൊരു ബന്ധവും പുലര്‍ത്താതെ തെരഞ്ഞെടുപ്പു തന്ത്രങ്ങളുമായി കുത്തിയിരുന്നു. ഉദാഹരണത്തിന് 2017ലെ ല്‍ വന്‍വോട്ടുനേടാമെന്നു അവര്‍ പ്രതീക്ഷിച്ചമുസ് ലീങ്ങള്‍ പറഞ്ഞത് മുസാഫിര്‍നഗര്‍ കലാപ പ്രദേശം അവര്‍ സന്ദര്‍ശിച്ചിട്ടുപോലുമില്ല എന്നാണ്.
അവരുടെ രണ്ടാംപരാജയവും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു രണ്ടാംനിര നേതൃത്വത്തെ രൂപപ്പെടുത്താതെ മായാവതി ഏക കാമ്പെയ്‌നര്‍ ആയി നിലകൊണ്ടു. തത്ഫലമായിി ബി.എസ്.പി ഇന്നത്തെ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. പുതുതലമുറയെക്കുറിച്ച് ആലോചിക്കാതെ സ്ഥിരം ഓഡിയന്‍സിനെ മാത്രം കണക്കിലെടുത്ത്് പൊതുറാലികളില്‍ അവര്‍ യാന്ത്രികമായി പ്രസംഗങ്ങള്‍ വായിച്ചു. വ്യവസ്ഥാപിത കൊലപാതകങ്ങള്‍, യു.ജി.സി നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ വിവേചനങ്ങള്‍, ജാതി കേന്ദ്രീകൃതമായ ദേശീയത സംവാദം ഇത്തരത്തില്‍ വലിയൊരു വിഭാഗത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വിഷയങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല എന്നിരിക്കെ അവരതല്ലാം നഷ്ടപ്പെടുത്തി.
അടുത്ത തെരഞ്ഞെടുപ്പിനുവേണ്ടി കാത്തിരിക്കാമെന്നു പറഞ്ഞ് മായാവതി പിന്‍വലിയു്‌പോള്‍ അവര്‍ തീര്‍ച്ചയായും സ്വന്തം വീഴ്ചകള്‍ പരിശോധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു രാഷ്ട്രീയം ഒന്നിനും അവസാനമല്ല. എന്നാല്‍ അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് സമത്വം ആവശ്യപപ്പെടാനുള്ള ഒരു മാര്‍ഗമാണത്. 61കാരിയായ മായാവതി കാന്‍ഷി റാമിനെപ്പോലെ ഒരു പൊതുമുന്നേറ്റ ശക്തിയായി തിരിച്ചുവരുമോ എന്നത് ഞങ്ങള്‍ക്ക് അറിയില്ല. ഒരുപക്ഷേ സഫലമാകാത്ത ഒരു അംബേദ്കറൈറ്റ് സ്വപ്‌നമാണ് അവര്‍.
മരിക്കുന്നതിനു മുമ്പ് കാന്‍ഷി റാം ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. മായാവതി പറ്റിയ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഉന സംഭവത്തില്‍ അവര്‍ നിശബ്ദമായി ഇരിക്കുകയാണ് ചെയ്ത്. ദളിതരെയും പിന്നോക്ക വിഭാഗങ്ങളെയും ഹിന്ദുയിസത്തിന്റെ ഉദരത്തില്‍ നിന്നും ബുദ്ധിസത്തിലേക്കു നയിച്ച് അംബേദ്കറുടെ സഫലമാകാത്ത സ്വപ്‌നമായ പ്രബുദ്ധ ഭാരതം എന്നത് അവര്‍ക്കിപ്പോഴും സഫലമാക്കാം. അല്ലാത്തപക്ഷം അവരുടെ ഏക പാരമ്പര്യമായി പാര്‍ക്കുകള്‍ മാത്രം അവശേഷിക്കും.
കടപ്പാട് : ഔട്ട്‌ലുക്ക്