| Tuesday, 17th August 2021, 9:11 am

യു.പി പൊലീസിന് വീണ്ടും തിരിച്ചടി; സിദ്ദീഖ് കാപ്പന്റെ സിമി ബന്ധം അന്വേഷിക്കണമെന്നാവശ്യം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ നടപടിയില്‍ യു.പി പൊലീസിന് തിരിച്ചടി.

സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം വേണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര കോടതി തള്ളി. സിദ്ദീഖ് കാപ്പന്റെ സിമി ബന്ധം അന്വേഷിക്കണമെന്നായിരുന്നു യു.പി പൊലീസ് സമര്‍പ്പിച്ച അപേക്ഷ.

പൗരന്റെ നേര്‍ക്ക് ഭരണകൂടം കാണിക്കുന്ന ഭീകരതയാണ് യു.പി സര്‍ക്കാറിന്റെ പുതിയ അപേക്ഷയെന്ന് കാപ്പന് വേണ്ടി ഹാജരായ അഡ്വ. വില്‍സ് മാത്യു വാദിച്ചു.

നിലവിലെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ലെന്നും നിലവിലെ അവസ്ഥയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന യു.പി പൊലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും അഭിഭാഷകന്‍ വില്‍സ് മാത്യു വാദിച്ചു.

തുടര്‍ന്ന് യു.പി പൊലീസിന്റെ വാദം കേള്‍ക്കാതെ തന്നെ അപേക്ഷ കോടതി തള്ളുകയായിരുന്നു. കേസില്‍ ഇതുവരെ സിദ്ദീഖ് കാപ്പന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാത്തത് നിയമവാഴ്ചയോടുള്ള ക്രൂരതയാണെന്നും അതിനാല്‍ സിദ്ദീഖ് സ്വമേധയാ ജാമ്യത്തിനര്‍ഹനാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ യു.പി സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ടെന്ന് മഥുര ജഡ്ജി വ്യക്തമാക്കി. ജയിലില്‍ സിദ്ദീഖ് കാപ്പന്‍ ജയിലില്‍ ശാരീരകവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ ചികിത്സക്കും കൗണ്‍സിലിങ്ങിനും അടക്കമുള്ളവക്കായി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇതേക്കുറിച്ച് അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ മഥുര ജയിലധികൃതരുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസ് ഓഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കാനാണ് തീരുമാനം.

നേരത്തെ ഹാത്രാസ് സന്ദര്‍ശനത്തിനിടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിദ്ദീഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തിയ ഈ കേസില്‍ നിന്ന് കാപ്പനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെയുള്ള കേസും റദ്ദാക്കിയിട്ടുണ്ട്. അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരായിരുന്നു കാപ്പനൊപ്പം ഈ കേസില്‍ അറസ്റ്റിലായിരുന്നവര്‍.

സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ഹാജാരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് റദ്ദാക്കിയത്. കുറ്റം ചുമത്തിയതിന് തെളിവുകള്‍ ആറു മാസത്തിനുള്ളില്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം. ഒക്ടോബര്‍ ഏഴിനാണ് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തത്്. കഴിഞ്ഞ ഏപ്രിലില്‍ സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ച സിദ്ദീഖ് കാപ്പനെ പൊലീസ് രഹസ്യമായി ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

UP police suffer another setback; The court rejected the demand for a re-investigation against Siddique Kappan

We use cookies to give you the best possible experience. Learn more