| Saturday, 29th March 2025, 3:16 pm

തെരുവുകളില്‍ ഈദ് നമസ്‌കാരം നടത്തുന്നവരുടെ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഈദിന്റെ സമയത്ത് തെരുവുകളില്‍ നമസ്‌കാരം നടത്തിയാല്‍ പാസ്‌പോര്‍ട്ടുകളും ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കുമെന്ന് യു.പിയിലെ മീററ്റ് പൊലീസ്. ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതിന് പുറമെ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ക്രമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

മതനേതാക്കളോടും ഇമാമുമാരോടും പള്ളികളില്‍ മാത്രം പ്രാര്‍ത്ഥന നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മീററ്റ് സിറ്റി എസ്.പി. ആയുഷ് വിക്രം പറഞ്ഞു.

‘അടുത്തുള്ള പള്ളിയില്‍ നമസ്‌കരിക്കുകയോ ഈദ്ഗാഹുകളില്‍ പോവുകയോ ചെയ്യണമെന്ന് ഞങ്ങള്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും റോഡുകളില്‍ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ എസ്.പി. ആയുഷ് വിക്രം സിങ് പറഞ്ഞു. ഈദ് നമസ്‌കാരങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുറസായ സ്ഥലങ്ങളാണ് ഈദ്ഗാഹുകള്‍.

കഴിഞ്ഞ വര്‍ഷവും പെരുന്നാള്‍ സമയത്ത് തെരുവുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ട് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചുവെന്നാരോപിച്ച് 200 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചിലരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

തെരുവില്‍ നമസ്‌കാരം നടത്തിയതിന്റെ പേരില്‍ കുറ്റം ചുമത്തപ്പെട്ടാല്‍ കേസില്‍പ്പെട്ടവര്‍ക്ക് പില്‍ക്കാലത്ത് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായി നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍, ഡ്രോണുകള്‍, സി.സി.ടി.വി ക്യാമറകള്‍ എന്നിവയിലൂടെ  പ്രദേശങ്ങള്‍ നിരീക്ഷിക്കും. സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികം സുരക്ഷ സേനയെ വിന്യസിക്കുകയും ചെയ്യും.

അതേസമയം പൊലീസ് നടപടിയെ കേന്ദ്രമന്ത്രി ജയന്ത് ചൗധരി വിമര്‍ശിച്ചു. പൊലീസ് പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടുമെന്ന് പറഞ്ഞത് താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി റോഡുകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള നിയമം ഭരണകൂടത്തിന് നടപ്പിലാക്കാന്‍ കഴിയുമെന്നും എന്നാല്‍ അനുസരണം ഉറപ്പാക്കാന്‍ അവര്‍ സമൂഹവുമായി സംസാരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

Content Highlight: UP Police says passports and driving licenses of those offering Eid prayers on the streets will be cancelled

We use cookies to give you the best possible experience. Learn more