| Friday, 2nd October 2020, 9:21 pm

യോഗി ക്ലീന്‍ ഇമേജുള്ള ഭരണാധികാരി; ഹാത്രാസിലെ പൊലീസ് നടപടി പ്രതിച്ഛായയെ ബാധിച്ചുവെന്ന് ഉമാഭാരതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹാത്രാസ് കൂട്ടബലാത്സംഗത്തില്‍ പൊലീസിന്റെ നടപടി യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമാഭാരതി. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ മാധ്യമപ്രവര്‍ത്തകരേയും രാഷ്ട്രീയപ്രവര്‍ത്തകരേയും അനുവദിക്കണമെന്നും ഉമാഭാരതി പറഞ്ഞു.

നിലവില്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലാണ് ഉമാഭാരതി. താന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായാല്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും ഉമാഭാരതി പറഞ്ഞു.

യോഗി ക്ലീന്‍ ഇമേജുള്ള ഭരണാധികാരിയാണെന്നും അവര്‍ അവകാശപ്പെട്ടു.

അതേസമയം സംഭവത്തില്‍ ജനരോഷമുയരവെ ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏറെ വൈകി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്പെന്‍ഡ് ചെയ്തത്.

മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പൊലീസ് സംസ്‌കരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിക്കുകയായിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മരണത്തിലും ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് യു.പി സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.

ഹാത്രാസ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് രാജ്യത്തിന്റെ ആവശ്യമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു. നീതി ലഭ്യമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UP police’s suspicious action in Hathras dented BJP’s image: Uma Bharti to Yogi Adityanath

Latest Stories

We use cookies to give you the best possible experience. Learn more