| Wednesday, 6th October 2021, 2:54 pm

പ്രിയങ്കയെ വിട്ടയച്ച് പൊലീസ്: ലഖിംപൂര്‍ ഖേരിയിലേക്ക് പോവാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് വിട്ടയച്ചു. രാഹുല്‍ ഗാന്ധിക്കും മറ്റ് കേണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാവും പ്രിയങ്ക ലഖിംപൂരിലേക്ക് തിരിക്കുക.

ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു എന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം ലഖിംപൂരില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ കാണും.

കര്‍ഷരുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കാനും സാധ്യതയുണ്ട്.

അതേസമയം കേന്ദ്രസഹമന്ത്രി അജയ് മിശ്രയേയും മകനേയും ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും കര്‍ഷക സംഘടനകള്‍ പൊലീസിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

നേരത്തെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

അതേസമയം, ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിന്റെ മന്ത്രിയുടെ മകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് യു.പി പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UP Police released Priyanka Gandhi

We use cookies to give you the best possible experience. Learn more