ന്യൂദല്‍ഹി: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ യോഗി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രണം ചെയ്തതാണെന്നാരോപിച്ച് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിഷേധങ്ങളിലൂടെ ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും പുതുതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാമര്‍ശിക്കുന്നു.
വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും രാജ്യാന്തര ഗൂഢാലോചന നടന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ചാന്ദ്പ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വികസനവിരോധികളാണ് സംസ്ഥാനത്ത് ജാതി-സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.
‘വികസനവിരോധികളാണ് സംസ്ഥാനത്ത് ജാതി-സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് അവരുടെ ശ്രമം. ഇത്തരം ഗൂഢതന്ത്രങ്ങളെ കനത്ത ജാഗ്രതയോടെ മറികടന്ന് നമുക്ക് വികസനത്തിന്റെ പാതയിലേക്ക് കുതിച്ചുയരണം’ എന്നായിരുന്നു യോഗിയുടെ ട്വീറ്റ്.
യു.പിയില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു യോഗിയുടെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ കലാപകാരികളായി ചിത്രീകരിച്ചു കൊണ്ടുള്ള യു.പി പൊലീസിന്റെ പുതിയ എഫ്.ഐ.ആര്‍.
justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റിന് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ ഈ വെബ്‌സൈറ്റ് ലഭ്യമല്ല. എങ്ങനെ സുരക്ഷിതമായി പ്രതിഷേധങ്ങള്‍ നടത്താം, പൊലീസിനെ ഒഴിവാക്കാം തുടങ്ങിയ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ അടങ്ങിയിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സൈറ്റില്‍ അധികവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 109, 120 ബി( ക്രിമിനല്‍ ഗൂഢാലോചന), 124 എ(രാജ്യദ്രോഹം), 153 എ( മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ പേരില്‍ രണ്ട് സംഘങ്ങള്‍ക്കുള്ളില്‍ ശത്രുതയുണ്ടാക്കുക), 153 ബി, 420 (വഞ്ചനാകുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഹാത്രാസില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിന്റെ സത്യം അന്വേഷിച്ച് കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഹാത്രാസ് വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
ഹാത്രാസ് കേസില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ യു.പി പൊലീസ് ഇത്തരത്തില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക