ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പൊലീസ് നിർദേശം അനുസരിച്ച് ഹോട്ടലുകളുടെ പേര് മാറ്റിത്തുടങ്ങി കടയുടമകൾ. കടയുടെ നേം ബോര്‍ഡിനൊപ്പം ഉടമയുടെ പേര് കൂടെ നല്‍കണമെന്നായിരുന്നു മുസാഫര്‍നഗര്‍ പൊലീസ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.
തീര്‍ത്ഥാടകര്‍ക്ക് കടയുടമ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് നേം ബോര്‍ഡില്‍ ഉടമയുടെ വിവരങ്ങള്‍ കൂടെ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചത്. ഇതുപ്രകാരം പേര് മാറ്റുന്ന നടപടി ആരംഭിച്ചെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പൊലീസ് ഉത്തരവ് അനുസരിച്ച് പേര് മാറ്റാന്‍ ഉടമകള്‍ തയ്യാറായത്. തന്റെ ക
ടയുടെ പേര് ‘ചായ് ലവേഴ്‌സ് പോയിന്റില്‍’ നിന്ന് ‘വഖീല്‍ സാഹബ് ടീ സ്റ്റാള്‍’ എന്നാക്കി മാറ്റിയതായി ഖത്തൗലിയിലെ ഒരു ടീ സ്റ്റാള്‍ ഉടമ പറഞ്ഞു.
എന്നാല്‍ ഉടമ മുസ്‌ലിമാണെന്നതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടി വീണ്ടും പേര് തിരുത്താന്‍ പൊലീസ് ആവശ്യപ്പെട്ടന്നും ഉടമ പറഞ്ഞു. പിന്നീട് ‘വഖീല്‍ അഹമ്മദ് ടീ സ്റ്റാള്‍’ എന്നാക്കി പേര് മാറ്റിയെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
സമാന രീതിയില്‍ മാറ്റൊരു ഉടമക്ക് ശിവധാബ എന്ന ഹോട്ടലിന്റെ പേര് വിഷംഭര്‍ നാഥ് ധാബ എന്നാക്കി മാറ്റേണ്ടതായി വന്നു. യു.പിയിലെ എല്ലാ കടകളും ഉടമയുടെ പേര്, നേം ബോര്‍ഡില്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഒരു ഫ്രൂട്ട്‌സ് കടക്ക് ആരിഫ് ഫ്രൂട്ട്‌സെന്നും പേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ വലിയ വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും എ.ഐ.എം.ഐ.എമ്മുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. ‘ഈ നടപടി നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ്. സങ്കടമെന്നല്ലാതെ എന്തുപറയാന്‍’ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു.
ഇങ്ങനെയാണ് കാര്യങ്ങളെ സമീപിക്കുന്നതെങ്കില്‍ അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരെ തന്നെ നിരോധിക്കേണ്ടി വരുമെന്നും ആ റൂട്ടില്‍ ഉടനീളമുള്ള സ്ഥാപനങ്ങള്‍ മുസ്‌ലീങ്ങളുടേതാണെന്നായിരുന്നു തൃണമൂല്‍ നേതാവ് ജവഹര്‍ സിര്‍കാര്‍ പറഞ്ഞത്.
പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് യു.പി പൊലീസ്. മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നാണ് യു.പി പൊലീസിന്റെ വാദം.
‘മതപരമായ ഭിന്നത സൃഷ്ടിക്കുക ഞങ്ങളുടെ ഉദ്ദേശമല്ല, മറിച്ച് ചില ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്ന ഭക്തരുടെ വിശ്വാസവും ക്ഷേമവും ഉറപ്പുവരുത്തുക എന്നതാണ് നിര്‍ദ്ദേശത്തിന് പിന്നില്‍. ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന ഭക്തര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതാരിക്കാനാണ് ഈ തീരുമാനം’, മുസാഫിര്‍ നഗര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: UP Police named shops after Muslim owner for Kanwar pilgrims