ലഖ്‌നൗ: മൊബൈല്‍ ഫോണില്‍ പാകിസ്ഥാനി പാട്ട് കേട്ടതിന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് മുസ്‌ലിം ആണ്‍കുട്ടികള്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കേസെടുത്തു.
ഏപ്രില്‍ 13 ന് ജില്ലയിലെ ഭൂട്ട പ്രദേശത്തെ സിംഗായ് മുരാവന്‍ ഗ്രാമത്തിലെ നയീമിനും മുസ്ത്കിമിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. 16ഉം 17ഉം വയസ്സുള്ള ഇവര്‍ സിംഗായ് മുറവനില്‍ പലചരക്ക് കട നടത്തുകയാണ്.
അയല്‍രാജ്യത്തെ പുകഴ്ത്തുന്ന പാട്ട് പാടിയതിനെതിരെ പ്രദേശവാസിയായ ആശിഷ് നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
പാട്ട് പ്ലേ ചെയ്യുന്നതിനെ ചൊല്ലി ആശിഷും കുട്ടികളും തമ്മില്‍ വഴക്കുണ്ടായി
പാട്ട് കേള്‍ക്കുന്നത് നിര്‍ത്താന്‍ പരാതിക്കാരി ഇരുവരോടും ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അസഭ്യം പറയുകയും ഇന്ത്യയെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്തുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഏപ്രില്‍ 13 ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവന്‍ സ്റ്റേഷനില്‍ വെച്ച് പൊലീസ് തടഞ്ഞുവെച്ചതായും കുടുംബം പറഞ്ഞു.
40 സെക്കന്‍ഡ് മാത്രമാണ് ഇവര്‍ ഗാനം പ്ലേ ചെയ്തതെന്നും അതും അബദ്ധവശാല്‍ ആണെന്നും ക്ഷമാപണം നടത്തിയിരുന്നെന്നും കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.
Content Highlights: UP Police Lodge FIR Against Two Minor Muslim Boys for Listening to Pakistani Song