| Wednesday, 22nd February 2023, 11:02 am

സര്‍ക്കാരിനെ വിമര്‍ശിച്ച് ഗാനം ആലപിച്ചതിന് ഫോക്ക് ഗായികക്ക് നോട്ടീസയച്ച് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രശസ്ത ഫോക്ക് ഗായിക നേഹ സിങ് റാത്തോഡിന് നോട്ടീസയച്ച് ഉത്തര്‍പ്രദേശ് പൊലീസ്. യു.പി അക്ബര്‍പൂര്‍ കോട്വാലി പൊലീസാണ് നേഹയ്ക്ക് 160 സി.ആര്‍.പി.സി നോട്ടീയച്ചത്. യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ‘യു.പി മേം കാ ബാ’ എന്ന നേഹയുടെ ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ്.

കാന്‍പൂരിലെ മദൗലിയില്‍ അമ്മയേയും മകളേയും ചുട്ടുകൊന്ന സംഭവത്തെ പരിഹസിച്ചായിരുന്നു നേഹയുടെ ഗാനം. ഇതാണ് യു.പി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. നേഹയുടെ പാട്ടുകള്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസിന്റെ വാദം.

‘സംസ്ഥാനത്തെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന തരത്തിലുള്ളവയാണ് നേഹ റാത്തോഡിന്റെ പാട്ടുകള്‍. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിക്കുകയും ട്വീറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി,’ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി പറയാനാണ് പൊലീസിന്റെ നിര്‍ദ്ദേശം. സ്വന്തമായാണോ അതോ മറ്റാരെങ്കിലുമാണോ പാട്ടുകള്‍ പോസ്റ്റ് ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്നും പൊലീസ് നോട്ടീസില്‍ ചോദിക്കുന്നുണ്ട്. പാട്ടുകള്‍ സ്വയം എഴുതിയതാണോ അതോ മറ്റാരെങ്കിലും നല്‍കിയതാണോ എന്നത് സംബന്ധിച്ച വിശദീകരണം സമര്‍പ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

വിശദീകരണം നല്‍കാത്ത പക്ഷം വിഷയത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

2022 അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പാണ് നേഹ യു.പി മേം കാ ബാ എന്ന ഗാനം ആലപിച്ചത്. ഗാനത്തിന്റെ ആദ്യഭാഗത്തില്‍ കോവിഡ് കാലത്തെ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മോര്‍ബി പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട ഗാനവും നേഹ ആലപിച്ചിരുന്നു.

Content Highlight: UP police issue 160 crpc notice to UP folk singer Neha singh rathore

We use cookies to give you the best possible experience. Learn more