ന്യൂദല്‍ഹി: അമേഠിയില്‍ മുത്തച്ഛന് ഓക്‌സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്തതിന് യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനല്‍ കേസെടുത്തു. ശശാങ്ക് യാദവ് എന്ന 26 കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ശശാങ്ക് ട്വിറ്ററില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഭയം പടര്‍ത്താന്‍ ഉദ്ദേശിച്ച് അഭ്യൂഹം പ്രചരിപ്പിക്കുക, ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയമവും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനും സ്വത്ത് പിടിച്ചെടുക്കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.