യു.പി പൊലീസ് സി.പി.ഐ.എം എം.പിമാരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; ഭാര്യയോട് സിദ്ദീഖ് കാപ്പന്‍
Kerala News
യു.പി പൊലീസ് സി.പി.ഐ.എം എം.പിമാരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; ഭാര്യയോട് സിദ്ദീഖ് കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th December 2020, 7:47 am

ലക്‌നൗ: സി.പി.ഐ.എം എം.പിമാരുടെ പേര് പറയാന്‍ യു.പി പൊലീസ് നിര്‍ബന്ധിച്ചുവെന്ന് ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍. ഫോണില്‍ ഭാര്യയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സി.പി.ഐ.എം അല്ലേ നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചതെന്ന് യു.പി പൊലീസ് ചോദിച്ചുവെന്നും പാര്‍ട്ടിയുടെ രണ്ട് എം.പിമാരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സിദ്ദീഖ് കാപ്പന്‍ ഭാര്യയോട് പറഞ്ഞതെന്ന് ന്യൂസ് ടാഗ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ പൊലീസ് ഉപദ്രവിക്കുകയും താന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കോടതില്‍ പറയുകയും ചെയ്‌തെന്ന് സിദ്ദീഖ് പറഞ്ഞെന്ന് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പൊലീസ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം എന്തിനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്നും പൊലീസ് സിദ്ദീഖിനോട് ചോദിച്ചതായും ഭാര്യ റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദീഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയും ചുമത്തിയിരുന്നു.

അറസ്റ്റ് ചെയ്ത് 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനെ കാണാന്‍ പോലും ഉത്തര്‍ പ്രദേശ് പൊലീസ് സിദ്ദീഖിനെ അനുവദിച്ചത്.
സിദ്ദീഖ് കാപ്പന്റെ മോചനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി സാമൂഹ്യപ്രവത്തകര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content  Highlight: UP Police Forced to say the names of Cpim Mp’s; Siddique Kappans wife