'ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ല'; യു.പി പൊലീസിന്റെ വാദം പൊളിയുന്നു; പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്- വീഡിയോ
CAA Protest
'ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ല'; യു.പി പൊലീസിന്റെ വാദം പൊളിയുന്നു; പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2019, 2:06 pm

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ കാണ്‍പുരില്‍ പൊലീസ് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ശനിയാഴ്ച കാണ്‍പുരില്‍ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തില്ലെന്ന അവകാശവാദവുമായി ഡി.ജി.പി ഒ.പി സിങ് രംഗത്തെത്തിയത്.

നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരാണു വെടിവെച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഈ അവകാശവാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെടിവെപ്പില്‍ 57 പൊലീസുകാര്‍ക്കു പരിക്കേറ്റിരുന്നെന്നും പൊലീസ് വെടിവെപ്പില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെന്നു സംശയമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞിരുന്നു.

അതിനിടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക അക്രമമാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസിനൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി എം.പിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ അന്വേഷണം വേണമെന്നും ബി.ജെ.പി എം.പി സഞ്ജീവ് ബലിയാന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സഞ്ജീവ് ബലിയാന്‍ 2013-ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായിരുന്നു.