ന്യൂദല്‍ഹി: യു.പി സര്‍ക്കാരിനെതിരേയും പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സിവില്‍ തര്‍ക്കങ്ങളെ ഗുരുതര വകുപ്പുകളുള്ള ക്രമിനല്‍ കേസുകളാക്കി മാറ്റുന്ന യു.പി പൊലീസിന്റെ നടപടിക്കെതിരെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
യു.പി പൊലീസ് ഫയല്‍ ചെയ്ത ഒരു വഞ്ചന കേസില്‍ ഉള്‍പ്പെട്ടയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പണം തിരികെ നല്‍കാത്ത കേസ് ക്രിമിനല്‍ കേസല്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിനോടും അന്വേഷണ ഉദ്യോഗസ്ഥനോടും ആവശ്യപ്പെട്ടു.
‘യു.പിയില്‍ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന വിചിത്രമായ കാര്യമാണിത്. പണം നല്‍കിയ ശേഷം തിരികെ നല്‍കാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല. ഇതൊരു കേസല്ല. മറിച്ച് നിയമവാഴ്ചയുടെ തകര്‍ച്ചയാണ്,’ സുപ്രീം കോടതി വ്യക്തമാക്കി.
എന്നാല്‍ സിവില്‍ തര്‍ക്കങ്ങള്‍ തീരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ക്രമിനല്‍ വകുപ്പുകള്‍ ചുമത്തുന്നതെന്നായിരുന്നു യു.പി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചത്. യു.പി പൊലീസിന്റെ മറുപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ഇത്തരം രീതികള്‍ ആവര്‍ത്തിച്ചാല്‍ പൊലീസിന് പിഴയിടുമെന്നും വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സിവില്‍ തര്‍ക്കങ്ങള്‍ ക്രിമിനല്‍ കേസുകളായി മാറുന്നതില്‍ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുന്നത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേസിലെ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്തു.
സിവില്‍ തര്‍ക്കങ്ങള്‍ ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബറിലും സുപ്രീം കോടതി യു.പി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഈ രീതി അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് മേധാവിക്കെതിരെ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlight: UP Police converted civil case into criminal case; Supreme Court says rule of law has completely collapsed in UP