ലക്‌നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ തല്ലിച്ചതച്ച് ഉത്തര്‍പ്രദേശ് പൊലീസ്. വിദ്യാര്‍ത്ഥിനികളെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നു.
ALSO READ: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍
പെണ്‍കുട്ടികളിലൊരാളുടെ മുടിയില്‍ വലിച്ചിഴച്ച ശേഷമായിരുന്നു പൊലീസിന്റെ മര്‍ദ്ദനം. ഒരു ആണ്‍കുട്ടിയും കരിങ്കൊടി കാണിക്കാനുണ്ടായിരുന്നു.
അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകവെ കരിങ്കൊടി കാണിച്ച മൂന്നുപേരെയും പൊലീസുകാര്‍ വാഹനത്തിലേക്ക് തള്ളുകയും മര്‍ദ്ദിക്കുകയുമാണുണ്ടായത്. നേഹാ യാദവ്, രമാ യാദവ്, കിഷന്‍ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂവരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാര്‍ത്ഥികളാണിവര്‍. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സമാജ് വാദി ഛത്ര സഭയുടെ പ്രവര്‍ത്തകരാണിവരെന്ന് പൊലീസ് പറയുന്നു.
അതേസമയം പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിച്ചതും പിടിച്ചുമാറ്റിയതും അംഗീകരിക്കാനാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് റിച്ച സിംഗ് പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശില്‍ കരിങ്കൊടി പ്രതിഷേധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു ഇത്.