| Saturday, 25th May 2024, 8:47 pm

സംഭാലിനും അമേഠിയ്ക്കും പിന്നാലെ സുല്‍ത്താന്‍പൂരിലും വോട്ടര്‍മാരെ തല്ലിയൊടിച്ച് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പോളിങ് സ്റ്റേഷനുകളില്‍ നിന്ന് വോട്ടര്‍മാരെ തല്ലിയൊടിച്ച് യു.പി പൊലീസ്. സുല്‍ത്താന്‍പൂരിലാണ് സംഭവം. സമാജ്‌വാദി പാര്‍ട്ടി എക്സില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പൊലീസും വോട്ടര്‍മാരും തമ്മില്‍ ഏറ്റുമുട്ടുന്നതായാണ് റിപ്പോര്‍ട്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ സംഭാലിലും അമേഠിയിലും സമാനമായ രീതിയില്‍ പൊലീസ് വോട്ടര്‍മാരെ തല്ലിയോടിച്ചിരുന്നു. പിന്നാലെയാണ് ഈ സംഭവം.

ലോക്കല്‍ പൊലീസാണ് വോട്ടര്‍മാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊലീസ് തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലെ കാദിപൂരില്‍ 79ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

വോട്ട് ചെയ്യാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസും വോട്ടര്‍മാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഏതാനും വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം ഉത്തര്‍പ്രദേശിലെ സംഭാലില്‍ നിന്ന് പൊലീസ് മുസ്‌ലിങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയാണ് ഉയര്‍ന്നുവന്നത്. അസ്മൗലി ഗ്രാമത്തിലെ ഒവാരിയിലെ 181, 182, 183, 184 ബൂത്തിലായിരുന്നു സംഭവം നടന്നത്.

പൊലീസ് ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ പരിക്ക് പറ്റിയിരുന്നു. വോട്ടര്‍മാരെ പൊലീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. തങ്ങളുടെ ആധാര്‍ കാര്‍ഡും മറ്റും പൊലീസ് പിടിച്ചുവെച്ചതായും വോട്ടര്‍മാര്‍ പ്രതികരിച്ചിരുന്നു.

സംഭവത്തില്‍, തങ്ങള്‍ തോല്‍ക്കാന്‍ പോകുകയാണെന്ന് മനസിലാക്കിയ ബി.ജെ.പി വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തി. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പൊലീസ് വോട്ടര്‍മാരെ അടിച്ചമര്‍ത്തുന്നുവെന്ന പരാതികള്‍ ഉയരുന്നത് ഇത് ആദ്യമായിട്ടല്ല.

Content Highlight: UP Police beat up voters from polling stations again in Uttar Pradesh

We use cookies to give you the best possible experience. Learn more