| Tuesday, 18th August 2020, 5:36 pm

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ട്വീറ്റ്; ഹിന്ദു ആര്‍മി നേതാവിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ യു.പി പൊലീസ് അറസ്റ്റു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ആര്‍മിയുടെ സുശീല്‍ തിവാരിയുടെ മോര്‍ഫ് ചെയ്ത് ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

ഏത് ട്വീറ്റിന്റെ പേരിലാണ് കനോജിയെ അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ് ആദ്യം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിരുന്നില്ലെന്ന് പ്രശാന്തിന്റെ ഭാര്യ പറഞ്ഞു.

ഏത് ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് എന്ന് ചോദിച്ച പ്രശാന്തിന്റെ ഭാര്യയോട് ഒരുപാട് ട്വീറ്റുകള്‍ ചെയ്തിട്ടുണ്ടല്ലോ, ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് ഓര്‍ഡര്‍ ഉണ്ട് അത് അനുസരിക്കണം എന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

”രാം മന്ദിറില്‍ എസ്.സി / എസ്.ടി / ഒ.ബി.സി വിഭാഗക്കാര്‍ക്ക് പ്രവേശനം നിരോധിക്കണമെന്നത് തിവാരി ജിയുടെ നിര്‍ദ്ദേശമാണ്, എല്ലാവരും ഇതിനായി ശബ്ദമുയര്‍ത്തണം” എന്ന പോസ്റ്റ് സുശീല്‍ തിവാരിയുടെ ഫോട്ടോ ഉപയോഗിച്ച് ട്വീറ്റ് ചെയ്തുവെന്നാണ് പൊലീസ് ആരോപിച്ചിരിക്കുന്നത്.

നേരത്തെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശാന്തിന് ജാമ്യം ലഭിച്ചത്. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടന്‍ ജാമ്യം അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രശാന്തിനെ അറസ്റ്റ് ചെയ്ത യു.പി പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

content highlights: UP Police Arrests Prashant Kanojia, Says Tweet on Hindu Army Leader ‘Communal Harmony

We use cookies to give you the best possible experience. Learn more