ലക്‌നൗ: വിചിത്രമായ ഒരു ഉത്തരവ് പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുകയാണ് യു.പിയിലെ ബഗ്പാത് ജില്ലയിലെ അസാര ഗ്രാമം. ഇനി മുതല്‍ പ്രണയവിവാഹം അനുവദിക്കില്ലെന്നാണ് ഗ്രാമ ഭരണസമിതിയുടെ തീരുമാനം. ഈ തീരുമാനത്തെ മറികടന്ന് ആരെങ്കിലും വിവാഹിതരായാല്‍ അവരെ ആ ഗ്രാമത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്.
യു.പിയില്‍ നിന്നും വെറും 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ഗ്രാമം. സിവില്‍ ഏവിയേഷന്‍ മിനിസ്റ്റര്‍ അജിത് സിംഗിന്റെ മണ്ഡലം കൂടിയാണ് ബഗ്പാത് ജില്ല.
ഇതുമാത്രമല്ല പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നാല്പത് വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ ഷോപ്പിംഗിന് പുറത്തുപോകുന്നതും ആണ്‍കുട്ടികള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതും ഗ്രാമ ഭരണസമിതി് വിലക്കിയിട്ടുണ്ട്. സ്ത്രീകള്‍ വീട്ടിലായിരിക്കുന്ന സമയത്ത് പോലും അവരുടെ തല മുഴുവന്‍ മറച്ചുവെയ്ക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ മറ്റുചില നല്ല കാര്യങ്ങളും പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തിലുണ്ട്. പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുമ്പോള്‍ ഇനിമുതല്‍ സ്ത്രീധനം നല്‍കരുതെന്നാണ് അതില്‍ ഒരു നിര്‍ദ്ദേശം. സ്ത്രീധനം നല്‍കുന്നവര്‍ കടുത്ത നടപടി നേരിടേണ്ടായി വരുമെന്നും പഞ്ചായത്ത് പറയുന്നു.
അതേസമയം ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. സാധാരണയായി ഗ്രാമ ഭരമസമതികള്‍ ഇത്തരം ഉത്തരവുകള്‍ പുറത്തിറക്കാന്‍ അവകാശമില്ല.
വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.