India
അവന് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല; സഹപാഠികളെ കൊണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തില്‍ കുടുംബം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 28, 07:43 am
Monday, 28th August 2023, 1:13 pm

ലഖ്‌നൗ: യു.പിയില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ തല്ലിയ മുസ്‌ലിം വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ഇന്നലെ മീററ്റിലേക്ക് കൊണ്ട് പോയി. രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.

‘പിരിമുറുക്കവും രാത്രി മുഴുവന്‍ ഉറക്കമില്ലായ്മയുമുണ്ടെന്ന് കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്കായി മീററ്റില്‍ കൊണ്ടുപോയത്. കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നേഹ പബ്ലിക് സ്‌കൂള്‍ സംഭവത്തെ കുറിച്ച് ചോദിക്കുന്നതാണ് കുട്ടിയെ അസ്വസ്ഥനാക്കിയത്’, രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് പി.ടി.ഐയോട് പറഞ്ഞു. കുട്ടിയെ തല്ലാന്‍ നിര്‍ദേശിച്ച അധ്യാപിക തൃപ്ത ത്യാഗിയുമായി ഒരു സമവായത്തിന് തയ്യാറല്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം, രക്ഷിതാക്കള്‍ക്ക് സമ്മതമാണെങ്കില്‍ കുട്ടിയെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടന്ന നേഹ പബ്ലിക് സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

‘കുട്ടിയുടെ പിതാവിന് തന്റെ മകന്‍ അവിടെ (നേഹ പബ്ലിക് സ്‌കൂള്‍) പഠനം തുടരുന്നതില്‍ താത്പര്യമില്ല. ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ വിദ്യാര്‍ത്ഥിയോട് സംസാരിച്ചിരുന്നു. ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുവാന്‍ അവന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് സമ്മതമാണെങ്കില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടിയെ പ്രവേശിപ്പിക്കും,’ മുസഫര്‍ നഗറിലെ ബേസിക് ശിക്ഷ അധികാരി (ബി.എസ്.എ) ശുഭം ശുക്ല പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനെ കുറിച്ചു ചോദിച്ചപ്പോള്‍, കുട്ടി അസ്വസ്ഥനായത് കാരണം തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു പിതാവ് അറിയിച്ചത്. സംഭവം നടന്ന സ്വകാര്യ സ്‌കൂള്‍ അടയ്ക്കില്ലെന്നും സാധാരണ അധ്യാപന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ബി.എസ്.എ
ശുക്ല പറഞ്ഞു.

‘സ്‌കൂളിന്റെ അംഗീകാരം സംബന്ധിച്ചുള്ള വിവരം ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് അധ്യാപകരേ വിദ്യാലയത്തില്‍ ഉള്ളൂ. സ്‌കൂള്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്,’ ബി.എസ്.എ പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അഫിലിയേഷനാണ് നേഹ പബ്ലിക് സ്‌കൂളിനുള്ളത്. നിലവില്‍, 50 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

തൃപ്ത ത്യാഗി ഇനി സ്‌കൂളില്‍ തുടരുമോ എന്ന ചോദ്യത്തിന്, അത് അവര്‍ക്കെതിരെയുള്ള പൊലീസ് നടപടിയെ ആശ്രയിച്ചിരിക്കുമെന്ന് ശുക്ല പറഞ്ഞു.

നേഹ പബ്ലിക് സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ അവിടേക്ക് പോകുമെന്നും ബി.എസ്.എ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ മാത്രമാണ് മുസ്‌ലിം സഹപാഠിയെ തല്ലാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസ് എടുക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ ഐ.പി.സി സെക്ഷന്‍ 323, 504 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്.

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ തല്ലാന്‍ തൃപ്ത ത്യാഗി ആവശ്യപ്പെടുന്ന വീഡിയോ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞാണ് നടപടി. എന്നാല്‍ വീഡിയോ ദുരുപയോഗം ചെയ്തതാണെന്നും കുട്ടിയുടെ അമ്മാവനാണ് വീഡിയോ എടുത്തതെന്നുമാണ് തൃപ്ത ത്യാഗിയുടെ വാദം.

സഹപാഠികളെക്കൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിക്കുന്നത് തെറ്റാണെങ്കിലും താന്‍ ഭിന്നശേഷിക്കാരിയായത് കൊണ്ട് ഗൃഹപാഠം ചെയ്യാത്ത വിദ്യാര്‍ത്ഥികളുടെ അടുത്തു ചെല്ലാന്‍ സാധിക്കാത്തതിനാല്‍ ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നുമാണ് അധ്യാപികയുടെ ന്യായം.

Content Higlight: UP Muslim Boy Slapped By Classmates On Teacher’s Order Can’t Sleep Says Family