| Friday, 31st March 2023, 2:34 pm

'ഇതാണോ റോഡ്', കാലുകൊണ്ട് ചവിട്ടിപ്പൊളിച്ച് യു.പി എം.എല്‍.എ; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മോശം റോഡ് നിര്‍മിച്ച കരാറുകാരനെ എം.എല്‍.എ ചീത്ത വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. റോഡിന്റെ ഗുണനിലവാരം പരിശോധിക്കാനെത്തിയ ഗാസിപൂര്‍ എം.എല്‍.എ ബേദിറാമാണ് കരാറുകാരനെ രൂക്ഷമായ ഭാഷയില്‍ ചീത്ത വിളിച്ചത്.

എം.എല്‍.എ റോഡില്‍ കാലുകൊണ്ട് തട്ടുമ്പോള്‍ റോഡ് പൊളിഞ്ഞ് പോവുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടി നോക്കിയപ്പോഴും സമാന രീതിയില്‍ ടാര്‍ പൊളിഞ്ഞ് പോവുകയായിരുന്നു. ഇതോടെ കരാറുകാരനെ തിരഞ്ഞ എം.എല്‍.എ അയാളെ വിളിച്ചുവരുത്തി ചീത്ത വിളിക്കുകയായിരുന്നു. പണിയില്‍ കരാറുകാരന്‍ അഴിമതി നടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് എം.എല്‍.എ സ്ഥലത്തെത്തിയത്.

‘ഇതാണോ റോഡ്, ഇങ്ങനെയാണോ നീയൊക്കെ പണിയെടുക്കുന്നത്, ഈ റോഡിലൂടെ കാറിന് പോവാന്‍ പറ്റുമോ’ എന്നൊക്കെ പറഞ്ഞ് എം.എല്‍.എ ചൂടാവുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ ബേദി റാം തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുണനിലവാരമുള്ള റോഡ് നിര്‍മിക്കാന്‍ കരാറുകാരനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അയാളതിന് തയ്യാറായില്ലെന്നും സംഭവത്തിന് ശേഷം ബേദി റാം മാധ്യമങ്ങളോട് പറഞ്ഞു.

‘ഗുണ നിലവാരമുള്ള റോഡ് നിര്‍മിക്കണമെന്ന് കരാറുകാരന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. റോഡുകളുടെ നിര്‍മാണത്തില്‍ അലംഭാവം പാടില്ലെന്ന് നിയമ സഭയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നിട്ടും പണിയില്‍ കൃത്രിമത്വം ഉണ്ടെന്ന നാട്ടുകാരുടെ പരാതിയിലാണ് ഞാന്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്,’ ബേദി റാം പറഞ്ഞതായി നവ ഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജാംഗിപൂര്‍-ബഹാരിയാബാദ്-യൂസുഫ്പൂര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 405 കിലോമീറ്റര്‍ നീളമുള്ള റോഡാണ് എം.എല്‍.എ പരിശോധിച്ചത്. 3.8 കോടി രൂപയാണ് നിര്‍മാണത്തിനായി ചെലവഴിച്ചത്. ഇതാദ്യമായല്ല യു.പിയിലെ റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിമര്‍ശനമുയരുന്നത്. കഴിഞ്ഞ വര്‍ഷം പിലിബിത്തില്‍ നിര്‍മാണത്തിലിരുന്ന റോഡിന്റെ ടാര്‍ ആളുകള്‍ കൈകൊണ്ട് കോരിയെടുത്തതും വലിയ വിവാദമായിരുന്നു.

Content Highlight: up mla inspecting roads and shouting

We use cookies to give you the best possible experience. Learn more