|

'റമളാനിന് മുസ്‌ലിങ്ങള്‍ക്ക് ബി.ജെ.പിയുടെ ഗിഫ്റ്റ്'; മന്‍ കി ബാത്ത് മൊഴിമാറ്റി മദ്രസകളില്‍ വിതരണം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഉര്‍ദുവിലേക്ക് മൊഴിമാറ്റി ഉത്തര്‍ പ്രദേശിലെ മദ്രസകളില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച് ബി.ജെ.പി നേതൃത്വം. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2022 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഓള്‍ ഇന്ത്യ റേഡിയോ വഴി മോദി നടത്തിയ പ്രസംഗങ്ങളുടെ 12 പതിപ്പുകളാണ് മൊഴിമാറ്റി പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്. ശേഷം ഇവ യു.പിയിലെ മദ്രസകളിലും ഇസ്‌ലാമിക പണ്ഡിതര്‍ക്കിടയിലും മുസ്‌ലിം അധ്യാപകര്‍ക്കിടയിലും വിതരണം ചെയ്യാനാണ് യു.പി ന്യൂനപക്ഷ മോര്‍ച്ചയുടെ തീരുമാനം.

മുസ്‌ലിം ജനതക്കിടയില്‍ നരേന്ദ്ര മോദിയോടും ബി.ജെ.പി സര്‍ക്കാരിനോടുമുള്ള അകല്‍ച്ച ഇല്ലാതാക്കാനും സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെക്കുറിച്ച അവബോധം ഉണ്ടാക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് യു.പി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് കുന്‍വര്‍ ബാസിത് അലി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘പൊതുവെ മുസ്‌ലിങ്ങള്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് കേള്‍ക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള കാര്യങ്ങളാണ് മന്‍ കി ബാത്തിലൂടെ അദ്ദേഹം പറയാറുള്ളത്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല.

ഇതിന് പരിഹാരം കാണാനാണ് യു.പി യുവമോര്‍ച്ച ശ്രമിക്കുന്നത്. 2022ലെ 12 എപ്പിസോഡുകളിലായി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയാണ് ഉര്‍ദുവിലേക്ക് മൊഴിമാറ്റുന്നത്. ശേഷം പുസ്തക രൂപത്തിലിറക്കി മദ്രസകളിലും അറബി അധ്യാപകര്‍ക്കിടയിലും മുസ്‌ലിം പണ്ഡിതര്‍ക്കിടയിലും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. താബിഷ് ഫരീദ് എന്ന വ്യക്തിയാണ് പ്രസംഗം മൊഴിമാറ്റിയിരിക്കുന്നത്.

പുസ്തകം റമളാനിനോടനുബന്ധിച്ച് മുസ്‌ലിങ്ങള്‍ക്ക് സമ്മാനമായി നല്‍കാനാണ് തീരുമാനം. ഒരു ലക്ഷത്തിലധികം കോപ്പികള്‍ ഞങ്ങള്‍ വിതരണം ചെയ്യും. പ്രധാനമന്ത്രി രാജ്യത്ത് പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ മുസ് ലിങ്ങള്‍ കൂടി ഗുണഭോക്താക്കളാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ ബാസിത് അലി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രത്യേക പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. ‘സ്‌നേഹ് മിലന്‍’ എന്ന പേരില്‍ ഗൃഹസന്ദര്‍ശനം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് സിയാസത് റിപ്പോര്‍ട്ട ചെയ്തു.

Content Highlight: UP minority morcha try to translate modis man ki baat