ലഖ്‌നൗ: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി.
ബി.ജെ.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്ന് സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചു.
മൗര്യക്കൊപ്പം മറ്റ് രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷന്‍ ലാല്‍, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്.
പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേരുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.
ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ മൗര്യയെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷ് സ്വാമി പ്രസാദ് മൗര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.
ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും ബി.ജെ.പിയില്‍ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വലിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി വലിയ രീതിയില്‍ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബി.ജെ.പിക്ക് വലിയ ക്ഷീണമായിരിക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.
മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇനിയും കൂടുതല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്നും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ബി.ജെ.പി വൃത്തങ്ങളില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: UP minister Swami Prasad Maurya quits BJP, joins Samajwadi Party