| Thursday, 15th October 2020, 6:07 pm

ഉത്തര്‍പ്രദേശില്‍ ബലാത്സംഗങ്ങള്‍ കൂടിയപ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണര്‍ന്നത്; യു.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടിയതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് യു.പി മന്ത്രി ബ്രിജേഷ് പഥക്. എഎന്‍ഐയോട് പ്രതികരിക്കവയാണ് ബ്രിജേഷിന്റെ ഈ പരാമര്‍ശം.

‘യു.പിയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ധിക്കുകയാണ്. ഇതോടെയാണ് സംസ്ഥാനത്തെ പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പൊതുധാരയിലേക്ക് അവര്‍ ഇറങ്ങാന്‍ തുടങ്ങി’- ബ്രിജേഷ് പറഞ്ഞു.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ കേസുകളും സര്‍ക്കാര്‍ ഗൗരവതരമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാത്രാസ് ബലാത്സംഗക്കേസില്‍ യു.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തിലാണ് ബ്രിജേഷിന്റ ഈ പ്രസ്താവന.

അതേസമയം ഹാത്രാസ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമെങ്കില്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം ഉറപ്പാക്കാമെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇക്കാര്യത്തിലും തീരുമാനം ഉടനുണ്ടായേക്കും.

നേരത്തെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട കേസില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു.

അന്വേഷണത്തിന് നിയോഗിക്കപ്പെട്ട സി.ബി.ഐ സംഘത്തില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

എസ്.സി, എസ്.ടി ആക്ട്പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് അന്വേഷണ സംഘത്തില്‍ എസ്.സി, എസ്.ടി, അല്ലെങ്കില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താത്തത് എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Up Minister Slams Opposition In Uttarpradesh

We use cookies to give you the best possible experience. Learn more