| Tuesday, 15th December 2020, 7:04 pm

'ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ മിടുക്കനാണ് കെജ്‌രിവാള്‍'; നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരത്തിനിറങ്ങുന്നതില്‍ യു.പി മന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: 2022 ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി യു.പി മന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിംഗ്. നുണയനാണ് കെജ്‌രിവാളെന്നും കൊവിഡ് വ്യാപനം രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ചപ്പോള്‍ അദ്ദേഹം യാതൊന്നും ചെയ്തില്ലെന്നായിരുന്നു വിമര്‍ശനം.

യു.പി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടക്കാമെന്ന കെജ്‌രിവാളിന്റെ സ്വപ്‌നം മുംഗെരിലാല്‍ കെ ഹസീന്‍ സപ്‌നെ എന്ന ഹാസ്യപരിപാടിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് സിംഗ് പറഞ്ഞത്. പ്രകാശ് ഝാ സംവിധാനം ചെയ്ത 90 കളിലെ ജനപ്രിയ കോമഡി ഷോയാണിത്. കെജ് രിവാളിന്റെ ഇന്നത്തെ പ്രഖ്യാപനം കേട്ടപ്പോള്‍ ഈ പരിപാടിയാണ് ഓര്‍മ്മവന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ മിടുക്കനാണ് കെജ്‌രിവാള്‍. കൊവിഡ് കാലത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ ഓക്‌സിമീറ്ററുകളുമായി സഞ്ചരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിങ്ങളോട് ഒന്നേ പറയാനുള്ളു ആ ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ഓക്‌സിജന്‍ ലെവല്‍ ഒന്ന് പരിശോധിച്ചു നോക്കു’, സിംഗ് പറഞ്ഞു.

നേരത്തെ യു.പി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ കെജ്‌രിവാള്‍  പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം.

ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിച്ചെന്നും. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷമാകാന്‍ ആം ആദ്മിക്ക് സാധിച്ചെന്നും അടുത്ത ലക്ഷ്യം യു.പിയാണെന്നുമായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.

‘ഇന്ന് ഞാന്‍ ഒരു സുപ്രധാന പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുകയാണ്. 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കും,’ എന്നായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഉത്തര്‍പ്രദേശിലെ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ കൂട്ടത്തോടെ ദല്‍ഹിയിലേക്ക് വരുന്നുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ വരേണ്ടി വരുന്നത്? ഇതൊന്നും എന്തുകൊണ്ടാണ് സ്വന്തം സംസ്ഥാനത്ത് അവര്‍ക്ക് ലഭിക്കാത്തത്? 2022 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദല്‍ഹിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആളുകളുടെ കൂടി ആഗ്രഹമാണ് ഇത്.

യു.പി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്തെ എ.എ.പി തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സ്വാധീനം മനസിലാക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എ.എ.പിയുടെ തീരുമാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

2017ല്‍ നടന്ന 403 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം 324 സീറ്റ് (ബി.ജെ.പി-312, സോനേലാലിന്റെ അപ്ന ദള്‍-9, സ്വതന്ത്രര്‍-3) നേടി ഭരണം പിടിച്ചിരുന്നു. എസ്.പി-49, ബി.എസ്.പി-18, കോണ്‍ഗ്രസ്-7, സുഹെല്‍ദേവിന്റെ ഭാരതീയ സമാജ് പാര്‍ട്ടി- 4 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: UP Minister Slams Aravind Kejriwal

We use cookies to give you the best possible experience. Learn more