| Thursday, 26th December 2019, 6:48 pm

കലാപകാരികളുടെയടുത്ത് ഞാനെന്തിന് പോകണം? പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളെ മാത്രം സന്ദര്‍ശിക്കാതെ യു.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിജ്‌നോര്‍:പൗരത്വഭേദഗതി നിയമ  പ്രതിഷേധത്തിനോട് യു.പി സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിരിക്കേ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട മുസ് ലീം കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറാകാതെ മന്ത്രി.

മുസാഫര്‍നഗര്‍ എം.എല്‍.എയും യോഗി മന്ത്രിസഭാംഗവുമായ കപില്‍ ദേവ് അഗര്‍വാളാണ് രൂക്ഷമായ പ്രതിഷേധം നടന്ന ബിജ്‌നോറില്‍ സന്ദര്‍ശനെത്തിയത്. പ്രതിഷേധത്തില്‍ പരിക്കേറ്റ ഓം രാജ് സൈനിയെയും കുടുംബത്തെയും സന്ദര്‍ശിച്ച മന്ത്രി വെടിവെപ്പില്‍ കൊല്ലപ്പെട്ട മുസ് ലിം കുടുംബാംഗത്തെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കലാപകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം? ജനങ്ങളുടെ വികാരങ്ങള്‍ ആളിക്കത്തിച്ച കലാപമുണ്ടാക്കുന്നവര്‍ എങ്ങിനെയാണ് സമൂഹത്തിന്റെ ഭാഗമാകുക? ഇത് ഒരു ഹിന്ദു-മുസ് ലിം പ്രശ്‌നമല്ല. കലാപകാരികളുടെയടുത്തേക്ക് ഞാനെന്തിന് പോകണം?’ കൊല്ലപ്പെട്ട രണ്ടുപേരുടെ വീട്ടിലേക്ക് പോകാത്തതിനുള്ള ചോദ്യത്തിന് മന്ത്രി ഇങ്ങിനെയാണ് മറുപടി നല്‍കിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രതിഷേധം അക്രമാസക്തമായ  ഉത്തര്‍പ്രദേശിലെ ജില്ലകളിലൊന്നാണ് ബിജ്‌നോര്‍. ഡിസംബര്‍ 20ന് നടന്ന പ്രതിഷേധറാലിക്ക നേരെ പൊലിസ് വെടിയുതിര്‍ത്തിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥലത്തെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പതിനെട്ട് പേരാണ് ഉത്തര്‍പ്രദേശില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പതിനാലും വെടിയേറ്റുള്ള മരണങ്ങളായിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കടുത്ത നിലപാടുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും സ്വീകരിച്ച് വരുന്നത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥകളുമടക്കം നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട.

പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ മുസ്‌ലിങ്ങളെ മാത്രം തെരഞ്ഞുപ്പിടിച്ച് ആക്രമിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more