| Sunday, 30th September 2018, 8:06 am

ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് ക്രിമിനലുകളാണ്; പൊലീസിന് തെറ്റു പറ്റിയിട്ടില്ല: ആപ്പിള്‍ എക്‌സിക്യൂട്ടീവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ആപ്പിള്‍ എക്‌സിക്യുട്ടീവിനെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് മന്ത്രി. ജലസേചന വകുപ്പു മന്ത്രി ധരംപാല്‍ സിംഗാണ് കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയുടെ മേല്‍ പഴി ചാരിയിരിക്കുന്നത്. ക്രിമിനലുകള്‍ മാത്രമേ ഇത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടാറുള്ളൂ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

“ബുള്ളറ്റുകളേല്‍ക്കുന്നത് ക്രിമിനലുകള്‍ക്കു മാത്രമാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്തുണ്ടായ “ഗുണ്ടാരാജാ”ണ് പ്രശ്‌നമുണ്ടാക്കുന്നത്. ബാക്കിയെല്ലാം സാധാരണ നിലയിലാണ്. ക്രിമിനലുകളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ല.” മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

നടന്നത് ഏറ്റുമുട്ടല്‍ക്കൊലയല്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വിശദീകരണത്തിനെതിരാണ് മന്ത്രിയുടെ പ്രസ്താവന. നിയമലംഘനമാണ് നടന്നിരിക്കുന്നതെന്ന് എ.ഡി.ജി ആനന്ദ് കുമാര്‍ പറഞ്ഞിരുന്നു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നാണ് ആനന്ദ് കുമാര്‍ കൊലപാതകത്തെ വിശേഷിപ്പിച്ചത്.

Also Read: “സംശയം തോന്നിയാല്‍ വെടിവെക്കാന്‍ ഇത് കശ്മീരല്ല; ഈ കൊലയ്ക്ക് യോഗി മറുപടി പറയും വരെ മൃതദേഹം നീക്കില്ലെന്ന് കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ സഹോദരന്‍

വെള്ളിയാഴ്ച രാത്രിയാണ് വിവേക് തിവാരി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് ന്യായവാം.

ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ സ്ത്രീയ്ക്കൊപ്പം വീട്ടിലേക്കു തിരിക്കുകയായിരുന്നു അദ്ദേഹം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്. സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നാണ് ചൗധരി പറയുന്നത്. ” ബുള്ളറ്റ് ഏറ്റതിനുശേഷം അയാള്‍ രക്ഷപ്പെട്ടു. അയാള്‍ക്ക് വെടിയേറ്റതാണോയെന്ന കാര്യം എനിക്കുറപ്പുണ്ടായിരുന്നില്ല.” എന്നും ചൗധരി പറഞ്ഞു.

We use cookies to give you the best possible experience. Learn more