ലഖ്‌നൗ: ദളിതനായതിനാല്‍ ചുമതലകളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യോഗി മന്ത്രിസഭയില്‍ നിന്നും മന്ത്രി രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് രാജിവെച്ചത്. മന്ത്രിസഭയിലെത്തി നൂറുദിവസം പിന്നിട്ടിട്ടും തനിക്ക് യാതൊരു ഉത്തരവാദിത്തങ്ങളും നല്‍കിയില്ലെന്നും ദലിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്നും മന്ത്രി ദിനേശ് ഖാതിക് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച് കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
‘ഞാന്‍ ദളിതനായതിനാല്‍ മന്ത്രിസഭയില്‍ എനിക്ക് ഒരു പ്രാധാന്യവും ആരും നല്‍കിയില്ല, എനിക്ക് മന്ത്രി എന്ന നിലയില്‍ അധികാരവുമില്ല.
സംസ്ഥാനത്തെ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഞാന്‍ മന്ത്രിസഭയിലുള്ളത് കൊണ്ട് ദളിത് വിഭാഗത്തിന് ഉരകാരമില്ലാത്ത അവസ്ഥയാണ്. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഇത് ദളിത് സമൂഹത്തെ അപമാനിക്കലാണ്,’ ഖാതിക് രാജിക്കത്തില്‍ പറയുന്നു.
അത്രമേല്‍ മാനസിക സംഘര്‍ഷങ്ങളോടെയാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് രണ്ടാം വട്ടവും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. ഈ വസ്തുതയിരിക്കെ ജാതി കാരണം താന്‍ മന്ത്രിസഭയില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെന്ന മന്ത്രിയുടെ വാദവും രാജിയും സര്‍ക്കാരിന് തിരിച്ചടിയാണ്.
ദിനേശ് ഖാതിക്കിന് പുറമെ മന്ത്രിയായ ജിതിന്‍ പ്രസാദും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥനെ യോഗി ആദിത്യനാഥ് സസ്‌പെന്‍ഡ് ചെയ്തതാണ് ഇരുവരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നടന്ന യു.പി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിതിന്‍ പ്രസാദ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയത്. യു.പി പി.ഡബ്ല്യൂ.ഡി വകുപ്പ മന്ത്രിയാണ് ജിതിന്‍ പ്രസാദ്.
കഴിഞ്ഞ ചൊവ്വാഴ്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി വിഭാഗത്തിലെ അഞ്ച് പേരെ യോഗി ആദിത്യനാഥ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ജിതിന്‍ പ്രസാദിന്റെ വിശ്വസ്ഥനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാറും ഉള്‍പ്പെട്ടിരുന്നു. കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു യോഗി ആദിത്യനാഥ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും സര്‍ക്കാര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ബി.ജെ.പി സര്‍ക്കാരുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും മുതിര്‍ന്ന് നേതക്കളെ കാണാന്‍ തത്ക്കാലം ഉദ്ദേ്ശിക്കുന്നില്ലെന്നും ജിതിന്‍ പ്രസാദ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വഴി എനിക്ക് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കനായി. കേന്ദ്ര നേതാക്കളെ കാണുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമയം കിട്ടുമ്പോള്‍ അവരെ കാണാമെന്നതാണ് തീരുമാനം,’ ജിതിന്‍ പ്രസാദ് പറഞ്ഞു.
‘പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെയും സീറോ ടോളറന്‍സ് നയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വകുപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. നീതിയുക്തമായ അന്വേഷണം ഉണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: UP minister resigns from yogi cabinet claiming he faces caste discrimination