Advertisement
National Politics
യു.പി മന്ത്രി ദളിത് കുടുംബം സന്ദര്‍ശിച്ചു വീട്ടിലേതെന്ന പേരില്‍ കഴിച്ചത് പുറത്തുനിന്നെത്തിച്ച ഭക്ഷണവും വെള്ളവും; ചിത്രങ്ങള്‍ പുറത്തായതോടെ ന്യായവാദവുമായി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 02, 10:31 am
Wednesday, 2nd May 2018, 4:01 pm

 

അലിഖഢ്: ബി.ജെ.പി കാമ്പെയ്‌നിന്റെ ഭാഗമായി ദളിത് കുടുംബം സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ച യു.പി മന്ത്രിയുടെ നടപടി വിവാദമാകുന്നു. പുറത്തുനിന്നെത്തിച്ച ഭക്ഷണവും വെള്ളവും കഴിച്ച നടപടിയാണ് വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചത്.

യു.പി മന്ത്രി സുരേഷ് റാണയാണ് ദളിത് കുടുംബത്തില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എന്നാല്‍ ഭക്ഷണവും മിനറല്‍ വാട്ടറും പാത്രങ്ങളും ഇവര്‍ കൊണ്ടുവന്നിരുന്നെന്നാണ് മന്ത്രി സന്ദര്‍ശിച്ച കുടുംബത്തിലുള്ളവര്‍ പറയുന്നത്.

“അവര്‍ അത്താഴം കഴിക്കാന്‍ വരികയാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്നാണ് അവര്‍ വന്നത്. ഭക്ഷണവും വെള്ളവും പാത്രങ്ങളുമെല്ലാം അവര്‍ പുറത്തുനിന്നും എത്തിച്ചിരുന്നു.” മന്ത്രി സന്ദര്‍ശിച്ച വീട്ടുടമസ്ഥനായ രജനീഷ് കുമാര്‍ പറഞ്ഞു.

രാത്രി പതിനൊന്നുമണിയോടെയാണ് മന്ത്രിയുടെ സഹായികളും വീട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പുലാവ്, തന്തൂരി റൊട്ടി, പാലക് പനീര്‍, ദാല്‍ മഖനി, സാലഡ് തുടങ്ങിയ ആഹാരസാധനങ്ങള്‍ മന്ത്രി കഴിക്കുന്നതിന്റെ ചിത്രങ്ങളും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. തന്റെ കൂടെ കൂറേയാളുകള്‍ ഉണ്ടായിരുന്നെന്നും അവര്‍ക്കു കഴിക്കാനായാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതെന്നുമാണ് മന്ത്രിയുടെ ന്യായവാദം.


Also Read: ‘ധൈര്യമുണ്ടോ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് കൂടി എന്നെ ഒഴിവാക്കാന്‍’ മോദി സര്‍ക്കാറിന്റെ പ്രതികാര നടപടിയ്ക്ക് പ്രകാശ് രാജിന്റെ കിടിലന്‍ മറുപടി


” അത് ഭക്ഷണത്തിന്റെ കാര്യമല്ല. ആയിരങ്ങളുണ്ടായിരുന്നു അവിടെ. യോഗിയുടെയും പ്രധാനമന്ത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടിയിരിക്കുകയാണ്. ഇതൊരു ദളിത് ഗ്രാമമാണ്. അവരെല്ലാം തയ്യാറാക്കിയ ഭക്ഷണമാണ് ഞാന്‍ കഴിച്ചത്. രാവിലെ ഞാനവര്‍ക്കൊപ്പം പ്രാതല്‍ കഴിച്ചു.” എന്നാണ് റാണ പറഞ്ഞത്.

50%ത്തിലേറെ ദളിതരുള്ള ഗ്രാമങ്ങളില്‍ ഒരു ദിവസമെങ്കിലും ചിലവഴിക്കാന്‍ കഴിഞ്ഞദിവസം ബി.ജെ.പി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷം യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദളിത് കുടുംബം സന്ദര്‍ശിച്ചത് വിവാദമായിരുന്നു. എ.സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമായിരുന്നു സന്ദര്‍ശനം.