| Friday, 25th February 2022, 2:40 pm

നിരവധി പേര്‍ തെരുവില്‍ പൂരിയും പക്കോടയും വില്‍ക്കുന്നു, എന്നിട്ടും ഇവിടെ തൊഴിലില്ലെന്ന് പറയുകയാണോ?: യു.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: സംസ്ഥാനത്തും രാജ്യത്തും രൂക്ഷമാകുന്ന തൊഴിലില്ലായ്മയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി മന്ത്രി. അലഹബാദ് സൗത്തിലെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ നന്ദഗോപാല്‍ ഗുപ്തയാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടെന്നും തൊഴിലില്ലായ്മയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മോദി നേരിട്ടുകൊള്ളും എന്നാണ് ഗുപ്ത പറയുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ ജോലിയില്ലാത്തത് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗുപ്ത പ്രയാഗ്‌രാജിന്റെ പരിസരത്തുള്ള ചായക്കടയില്‍ കയറി പക്കോടയും ജിലേബിയും ഉണ്ടാക്കുകയും യോഗി ആദിത്യനാഥിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു.

‘ആളുകള്‍ എന്നെ അവരുടെ കടയിലേക്ക് വിളിക്കുകയാണ്, നന്ദി ഭായ് ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കൂ എന്നാണ് അവര്‍ എന്നോട് പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

ഗുപ്തയുടെ സുഹൃത്തും യോഗി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയുമായ സിദ്ധാര്‍ത്ഥ് നാഥും തൊട്ടടുത്ത തെരുവില്‍ പക്കോടയും പൂരിയും ഉണ്ടാക്കുന്നുണ്ടായിരുന്നു.

ഇത്തരത്തില്‍ ഒരുപാട് ആളുകള്‍ ഇവിടെ പൂരിയും പക്കോടയും വില്‍ക്കുന്നുണ്ടെന്നും ഇവരെ തൊഴില്‍ രഹിതരായി കണക്കാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരെല്ലാവരും തൊഴിലെടുക്കുകയാണെന്നും എന്തടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മയുണ്ടെന്ന് പറയുന്നതെന്നും ചോദിച്ചു.

അതേസമയം, ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചുവെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. സമാജ്‌വാദി പാര്‍ട്ടി ജോലി നല്‍കിയതിനെക്കാള്‍ എത്രയോ മടങ്ങ് അധികം ജോലിയാണ് ബി.ജെ.പി നല്‍കിയതെന്നും മോദി പറഞ്ഞു.

‘പ്രതിപക്ഷ പാര്‍ട്ടികള്‍ ജോലിയുടെ പേരില്‍ സംസ്ഥാനത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വീണ്ടും ശ്രമിക്കുകയാണ്. 10 വര്‍ഷത്തിനുള്ളില്‍ സമാജ്‌വാദി സര്‍ക്കാര്‍ രണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി നല്‍കിയെന്നതാണ് സത്യം. അതും സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടേയും അഴിമതിയുടേയും അടിസ്ഥാനത്തില്‍,”മോദി പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ നല്‍കിയ ജോലികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പകരം ദരിദ്രരുടെ കുട്ടികള്‍ക്ക് പൂര്‍ണ സുതാര്യതയോടെയാണ് ജോലികള്‍ നല്‍കിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ജോലി നല്‍കുന്ന പ്രക്രിയയില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും സെലക്ഷന്‍ കമ്മീഷനുകളില്‍ വ്യവസായികളെ നിയമിച്ചുകൊണ്ട് സംസ്ഥാനത്തെ അര്‍ഹരായ യുവാക്കളുടെ ജീവിതം തകര്‍ക്കുകയാണ് അവര്‍ ചെയ്തതെന്നും മോദി ആരോപിച്ചു.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ സ്വകാര്യമേഖലയില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് ജോലി നല്‍കിയിട്ടുണ്ടെന്നായിരുന്നു യോഗി ആദ്യനാഥ് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നത്.

എന്നാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ തന്നെ മുന്‍നിര്‍ത്തിയാണ് എസ്.പിയും തെരഞ്ഞെടുപ്പിനിറങ്ങുന്നത്.

403 അസംബ്ലി സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ നാല് റൗണ്ടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10, 14, 20, 23 തീയതികളിലായാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.

അവസാന മൂന്ന് ഘട്ടങ്ങളിലെ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ നടക്കും.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight: UP Minister about Unemployment in Uttar Pradesh

Latest Stories

We use cookies to give you the best possible experience. Learn more