| Friday, 25th June 2021, 6:51 pm

യു.പിയില്‍ മാസ്‌ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മാസ്‌ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ചു. കുടുംബത്തോടൊപ്പം ബാങ്കിലെത്തിയ രാജേഷ് കുമാര്‍ എന്നയാള്‍ക്ക് നേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ബാങ്കിനുള്ളില്‍ പ്രവേശിച്ചതോടെ രാജേഷ് കുമാറിന് നേരെ കേശവ് എന്ന സെക്യൂരിറ്റി ഗാര്‍ഡ് വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ രാജേഷ് രക്തം വാര്‍ന്ന് തറയില്‍ കിടക്കുന്നതും അദ്ദേഹത്തിന്റെ ഭാര്യ നിലവിളിക്കുന്നതും കാണാം.

മാസ്‌ക് ധരിക്കാതെ ബാങ്കില്‍ കയറിയ രാജേഷ് കുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞുവെന്നും പിന്നീട് മാസ്‌ക് ധരിച്ച് ബാങ്കില്‍ തിരിച്ചെത്തിയ രാജേഷ് കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് ശേഷമാണ് വെടിവെച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘സുരക്ഷാ ജീവനക്കാരന്‍ ആദ്യം എന്റെ ഭര്‍ത്താവിനെ ബാങ്കില്‍ പ്രവേശിക്കുന്നത് തടഞ്ഞ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം മാസ്‌ക് ധരിക്കുകയും ചെയ്തു. പിന്നീട് ബാങ്കില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്.

സുരക്ഷാ ജീവനക്കാരനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്,’ സംഭവത്തിന് ശേഷം വെടിയേറ്റ രാജേഷ് കുമാറിന്റെ ഭാര്യ പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more