ലഖ്‌നൗ: ‘ആള്‍ദൈവം’ പറഞ്ഞ നമ്പറിലുള്ള ലോട്ടറി ടിക്കറ്റെടുത്തിട്ടും സമ്മാനം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു.
ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. 56 വയസുള്ള രാംദാസ് ഗിരി എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ജിഷാന്‍ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. ഗിരിയുടെ തെറ്റായ പ്രവചനംമൂലം തനിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ജിഷാന്‍ പറഞ്ഞു.
ഭാഗ്യനമ്പര്‍ പ്രവചിക്കാന്‍ 51,000 രൂപയും മൊബൈല്‍ ഫോണുമാണ് ജിഷാന്‍ ഗിരിക്ക് പ്രതിഫലമായി നല്‍കിയത്. വന്‍തുക സമ്മാനം ലഭിക്കാന്‍ പോവുകയാണെന്ന പ്രവചനത്തെത്തുടര്‍ന്ന് സമ്പാദ്യം മുഴുവന്‍ ലോട്ടറി വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍, ഗിരി പ്രവചിച്ച നമ്പറുകളിലെ ലോട്ടറി അടിക്കാഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യ നമ്പറുകള്‍ പ്രവചിച്ച് പ്രശസ്തി നേടിയ ആളാണ് രാമദാസ് ഗിരി. ഗിരി പ്രവചിക്കുന്ന നമ്പറുകളുള്ള ലോട്ടറി വാങ്ങിയാല്‍ സമ്മാനം ഉറപ്പാണെന്നാണ് ഇയാളുടെ അനുയായികള്‍ പ്രചരിപ്പിച്ചിരുന്നത്.