യു.പിയില്‍ ലൗ ജിഹാദ് ആരോപിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍
India
യു.പിയില്‍ ലൗ ജിഹാദ് ആരോപിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th November 2021, 2:24 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് 22 കാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

16 വയസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന പരാതിയിലാണ് അല്‍ത്താഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ചൊവ്വാഴ്ച രാവിലെയാണ് യുവാവിനെ സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ ഇവിടെ വെച്ച് യുവാവ് മരണപ്പെടുകയായിരുന്നു.

യുവാവ് ടോയ്‌ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടതുപ്രകാരം അതിന് അനുവദിച്ചെന്നും ഏതാനും സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ യുവാവിനെ ടോയ്‌ലെറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് വാദം.

ജാക്കറ്റിന്റെ ചരട് കയറില്‍ കുരുക്കിയിരുന്നെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അഞ്ചുമിനുട്ടിനുള്ളില്‍ മരണം സംഭവിച്ചെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ വിഷയത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ഞാന്‍ എന്റെ കുട്ടിയെ പൊലീസിന് കൈമാറി. സ്റ്റേഷനില്‍ വെച്ചാണ് അവന്‍ മരിച്ചത്. അവന്റെ മരണത്തില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്,’അല്‍ത്താഫിന്റെ പിതാവ് ചന്ദ് മിയാന്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ബി.ഐ, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും സംസ്ഥാനങ്ങള്‍ അവരുടെ ഓരോ പൊലീസ് സ്റ്റേഷനുകളിലും നൈറ്റ് വിഷന്‍, ഓഡിയോ റെക്കോര്‍ഡിങ് സംവിധാനങ്ങളുള്ള സി.സി ടി.വി ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ചോദ്യം ചെയ്യുന്ന മുറികള്‍, ലോക്കപ്പുകള്‍, എന്‍ട്രി-, എക്‌സിറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ യു.പിയിലെ എത്ര പൊലീസ് സ്റ്റേഷനുകളില്‍ ഇതുവരെ സി.സി.ടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ സ്റ്റേഷനിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UP Man Dies In Police Station, Family Suspects Cops’ Role; 5 Suspended