| Monday, 21st December 2020, 9:13 am

യു.പിയിലെ 'ലൗ ജിഹാദ്' വിവാദ നിയമം; ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോയിഡ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് യു.പിയില്‍ ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍. യു.പിയിലെ വിവാദമായ മതപരിവര്‍ത്തന വിരുദ്ധനിയമപ്രകാരമാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ കേസെടുത്തത്.

ദക്ഷിണകൊറിയന്‍ സ്വദേശിയടക്കം മൂന്നു സ്ത്രീകള്‍, ഒരു പുരുഷന്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തെ ഗൗതം ബുദ്ധ് നഗര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. പ്രദേശവാസികളുടെ പരാതിയിലാണ് ഇവര്‍ക്കു നേരെയുള്ള അറസ്റ്റ്.

ഉമേഷ്, സീമ, സന്ധ്യ, അന്‍മൂള്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന നിയമത്തില്‍ നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.

ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മലക്പൂരിലെ സ്ത്രീ പരാതി നല്‍കിയതായി സ്റ്റേഷന്‍ ചുമതലയുള്ള പ്രതീപ് കുമാര്‍ ത്രിപാഠി പറഞ്ഞു. മിഷണറി സംഘം ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും പണവും വാഗ്ദാനം ചെയ്തതായും പൊലീസ് പറഞ്ഞു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ദക്ഷിണകൊറിയന്‍ സ്വദേശിയായ അന്‍മൂള്‍ കുടുംബത്തോടൊപ്പം നോയിഡയിലാണ് താമസം.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് നടക്കുന്നത് നവംബര്‍ 29നാണ്. യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്കകം ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഒവൈസ് അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യിപ്പിച്ചുവെന്ന ഒവൈസിന്റെ ഭാര്യയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു കേസ്.

പുതിയ നിയമത്തെ ആദിത്യനാഥ് സര്‍ക്കാര്‍ പ്രയോഗിക്കാന്‍ പോകുന്നതിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രംഗത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: UP love jihad christian missionary group arrest

Latest Stories

We use cookies to give you the best possible experience. Learn more